Kerala
പ്രതിപക്ഷത്തിന് പുറമെ സിപിഐയുടെ എതിർപ്പും; സഭയിൽ ലോകായുക്ത നിയമഭേദഗതി അത്ര എളുപ്പമാകില്ല
Kerala

പ്രതിപക്ഷത്തിന് പുറമെ സിപിഐയുടെ എതിർപ്പും; സഭയിൽ ലോകായുക്ത നിയമഭേദഗതി അത്ര എളുപ്പമാകില്ല

Web Desk
|
8 Feb 2022 1:38 AM GMT

ലോകായുക്ത നിയമത്തിൽ ഭരണഘടനവിരുദ്ധമായ വകുപ്പുണ്ടെന്ന വാദമുയർത്തിയാണ് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. എന്നാൽ അത് സിപിഐയെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിട്ടും അവർ പ്രകടിപ്പിച്ച പരസ്യ എതിർപ്പ്.

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടെങ്കിലും സിപിഐയുടെ പരസ്യ എതിർപ്പ് മറികടക്കാതെ ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സിപിഎമ്മിന് കഴിയില്ല. സഭയ്ക്കുള്ളിൽ സിപിഐ എതിർപ്പ് പ്രകടിപ്പിച്ചാൽ സർക്കാർ വെട്ടിലാകും. പ്രശ്‌ന പരിഹാരത്തിന് സിപിഎം, സിപിഐയുമായി ചർച്ച നടത്തും. അതേസമയം ഓർഡിനൻസിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കുന്നതും സർക്കാരിന് വെല്ലുവിളിയാണ്.

ലോകായുക്ത നിയമത്തിൽ ഭരണഘടനവിരുദ്ധമായ വകുപ്പുണ്ടെന്ന വാദമുയർത്തിയാണ് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. എന്നാൽ അത് സിപിഐയെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിട്ടും അവർ പ്രകടിപ്പിച്ച പരസ്യ എതിർപ്പ്. നിയമത്തിലെ ഉള്ളടക്കത്തിലല്ല. സഭ ചേരാനിരിക്കെ ഓർഡിനൻസ് കൊണ്ടുവന്ന സയമത്തെ കുറിച്ചാണ് തങ്ങളുടെ എതിർപ്പെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ട് വന്നപ്പോൾ പാർട്ടിനേതൃത്വവുമായി ചർച്ച ചെയ്യാത്തതിലുള്ള എതിർപ്പാണ് സിപിഐയ്ക്കുള്ളത്.

ഇനിയും ഇങ്ങനെയുണ്ടാകരുതെന്ന മുന്നറിയിപ്പിന്റെ ഭാഗമായിട്ടാണ് സിപിഐ എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നാണ് സൂചന. ഓർഡിനൻസ് സഭയിൽ വരുന്‌പോൾ നിലവിലെ സാഹചര്യത്തിൽ സിപിഐ എതിർപ്പ് പ്രകടപ്പിക്കാൻ തന്നെയാണ് സാധ്യത.

അതു മുന്നിൽ കാണുന്ന സിപിഎം നേതൃത്വം സിപിഐയെ അനുനയിപ്പിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. സഭയ്ക്കുള്ളിൽ സിപിഐ ബില്ലിനെ എതിർത്താൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് സിപിഎമ്മിന് ബോധ്യമുണ്ട്. അതേസമയം ഓർഡിൻസിനെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുന്നതും സർക്കാർ ഉറ്റുനോക്കുകയാണ്. നിലവിലെ നിയമത്തിലെ പതിനാലാം വകുപ്പിൽ ഭരണഘടനവിരുദ്ധതയുണ്ടെന്ന നിയമോപദേശം കോടതിയിൽ സമർപ്പിച്ച് അതിനെ മറികടക്കാമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്. ഗവർണ്ണർ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയെ തർക്കങ്ങൾ ഉടൻ അവസാനിക്കാൻ സാധ്യതില്ലെന്നാണ് സൂചന.

Related Tags :
Similar Posts