ആത്മവിശ്വാസം വാനോളം, വിജയമുറപ്പിച്ച് മുന്നണികൾ
|നാല് മുതല്‍ ആറ് സീറ്റ് വരെയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ മൂന്ന് മുന്നണികളും. 16 സീറ്റ് വരെ കിട്ടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. നാല് മുതല്‍ ആറ് സീറ്റ് വരെയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പരമാവധി രണ്ട് സീറ്റ് വരെ ബിജെപി കണക്കുകൂട്ടുന്നുണ്ട്.
20 20 അവകാശവാദം പുറത്ത് പറയുന്നുണ്ടെങ്കിലും 16 സീറ്റ് വരെ കിട്ടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. ചില മണ്ഡലങ്ങള്‍ പരാജയപ്പെടുമെന്ന് യുഡിഎഫിന്‍റെ ആഭ്യന്തര കണക്ക്.16 സീറ്റ് കിട്ടിയാലും അത് ഭരണവിരുദ്ധ വികാരമാണെന്ന് യുഡിഎഫിന് പറയാന്‍ കഴിയും.
അതേസമയം, 8 മുതല്‍ 12 സീറ്റ് വരെയാണ് എല്‍ഡിഎഫ് പുറത്ത് പറയുന്ന കണക്ക്. എന്നാല്‍, നാല് മുതല്‍ ആറ് സീറ്റ് വരെയാണ് എല്‍ഡിഎഫിന്‍റെ ആഭ്യന്തര കണക്ക്. 38 മുതല്‍ 41 ശതമാനം വരെ വോട്ട് കിട്ടുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം കിട്ടിയ ഇടത് മുന്നണിക്ക് നാല് മുതല്‍ ആറ് സീറ്റ് വരെ കിട്ടിയാലും പറഞ്ഞ് നില്‍ക്കാനും കഴിയും. എക്സിറ്റ് പോളുകളെ പൂർണ്ണമായും ഇടത് മുന്നണി തള്ളിക്കളയുന്നുണ്ട്.
എക്സിറ്റ് പോളുകള് പുറത്ത് വന്നതോടെ ബിജെപിയ്ക്ക് ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. തൃശ്ശൂരും,തിരുവനന്തപുരവും ജയിക്കുമെന്ന് അവകാശപ്പെടുന്ന ബിജെപി പത്തനംതിട്ടയും പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ തവണത്തെ പോലെ ഇത്തവണയും പൂജ്യം ആയാൽ ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ച് പണിയും ഉണ്ടാകും.