Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്: കെ.എം ഷാജിയെ പൊന്നാനിയിൽ മത്സരിപ്പിക്കാന്‍ ലീഗില്‍ ആലോചന, ഇ.ടി മലപ്പുറത്തേക്ക്
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: കെ.എം ഷാജിയെ പൊന്നാനിയിൽ മത്സരിപ്പിക്കാന്‍ ലീഗില്‍ ആലോചന, ഇ.ടി മലപ്പുറത്തേക്ക്

Web Desk
|
4 Aug 2023 3:00 AM GMT

മലപ്പുറം എം.പി സമദാനി വീണ്ടും മത്സരിക്കുന്നതില്‍ പൂർണ താല്പര്യം പ്രകടിപ്പിക്കാതായതോടെ പുതിയൊരാളിലേക്ക് ചർച്ച വന്നു

കോഴിക്കോട്: കെ.എം ഷാജിയെ പൊന്നാനി ലോക്സസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ മുസ്‍ലിം ലീഗില്‍ ആലോചന. പൊന്നാനിയില്‍ നിന്നുള്ള എം.പി ഇ.ടി മുഹമ്മദ് ബഷീർ അടുത്ത മത്സരം മലപ്പുറം മണ്ഡലത്തിലാക്കണമെന്ന താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ ചർച്ച വന്നത്. മുസ്‍ലിം ലീഗിലെ ആഭ്യന്തര രാഷ്ട്രീയ സമവാക്യങ്ങളും ഈ നീക്കത്തിന് ശക്തിപകരുന്നതായി സൂചന. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

മുസ്‍ലിം ലീഗിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലും സ്ഥാനാർഥി മാറ്റമുണ്ടാകുമെന്നാണ് പാർട്ടിക്കകത്തെ പുതിയ ചർച്ചകള്‍ നല്‍കുന്ന സൂചന. പൊന്നാനിയില്‍ നിന്നുള്ള എം.പി ഇ.ടി മുഹമ്മദ് ബഷീർ അടുത്ത തവണയും മത്സരത്തിനുണ്ടാകും. എന്നാല്‍ പൊന്നാനിക്ക് പകരം മലപ്പുറത്ത് മത്സരിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീർ താല്പര്യം പ്രകടിപ്പിക്കുന്നത്.

പൊന്നാനിയില്‍ നിന്ന് ഇ.ടി മാറുന്നതോടെ പുതിയ സ്ഥാനാർഥിയാരെന്നത് പ്രധാനമായി. മലപ്പുറത്തേക്കാള്‍ വെല്ലുവിളി നേരിടുന്ന പൊന്നാനിയിലേക്ക് ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. മലപ്പുറം എം.പി അബ്ദുസമദ് സമദാനി വീണ്ടും മത്സരിക്കുന്നതില്‍ പൂർണ താല്പര്യം പ്രകടിപ്പിക്കാതായതോടെ പുതിയൊരാളിലേക്ക് ചർച്ച വന്നു. ലീഗിലെ പുതിയക്രൌഡ് പുള്ളറായ കെ.എം ഷാജിയെ പൊന്നിനിയിലിറക്കാം എന്ന ആലോചന അങ്ങനെയാണ് വന്നത്.

സി.പി.എമ്മുമായി രാഷ്ട്രീയ മത്സരം നടക്കുന്ന പൊന്നാനിയില്‍ സി.പി.എമ്മുമായി നേരിട്ട് കൊമ്പുകോർക്കുന്ന കെ.എം ഷാജിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയവുമായും പുതിയ ചർച്ചകള്‍ക്ക് ബന്ധമുണ്ടെന്ന് വിലയിരുത്തലുണ്ട്. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന കെ.എം ഷാജിയുടെ തട്ടകം ഡല്‍ഹിയിലേക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. പൊന്നാനിയില്‍ മത്സരിക്കാന്‍ സമ്മർദമുണ്ടെന്ന് കെ.എം ഷാജിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സമ്മതിക്കുന്നുണ്ട്.

ക്രൌഡ് പുള്ളറായ കെ.എം ഷാജി പൊന്നാനിയിലെത്തിയാല്‍ മത്സരം തീ പാറുമെന്നുറപ്പ്. എന്നാല്‍ ഈ നീക്കത്തിന് പാർട്ടിയുടെ ആഭ്യന്തര സമവാക്യവുമായി ബന്ധമുണ്ടെന്നതിനാല്‍ കെ.എം ഷാജിയുടെ നിലപാട് നിർണായകമായിരിക്കും.



Similar Posts