റിഫ മെഹ്നുവിന്‍റെ മരണം: ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്
|തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്
കോഴിക്കോട്: വ്ലോഗർ റിഫയുടെ ദുരൂഹമരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ചയായിരുന്നു മെഹ്നാസിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. റിഫയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെ മെഹ്നാസിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനായി കേസന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. ഇവരുടെ സുഹൃത്ത് ജംഷാദിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ജംഷാദിൽ നിന്നും ആവശ്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. പരിശോധനയിൽ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയിരുന്നു. ഇത് കേസന്വേഷണത്തിൽ വഴിത്തിരിവാണ്. അന്വേഷണ സംഘത്തിന്‍റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.