ബ്രഹ്മപുരത്തേക്ക് അർധരാത്രി പ്ലാസ്റ്റിക് മാലിന്യവുമായി ലോറികൾ; എത്തിയത് പൊലീസ് അകമ്പടിയോടെ
|മാലിന്യ നീക്കത്തിനെതിരെ പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ലോറികൾ തടഞ്ഞു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യവുമായി ലോറികൾ. രാത്രി 2 മണിയോടെ പൊലീസ് അകമ്പടിയോടെയാണ് അമ്പതിലധികം ലോറികൾ പ്ലാന്‍റിലേക്ക് എത്തിയത്. വിവരമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ ബ്രഹ്മപുരം മാലിന്യപ്ലാന്‍റിന് സമീപം വച്ച് ലോറികൾ തടഞ്ഞു. സ്ഥലത്ത് എത്തിയ വൻ പൊലീസ് സന്നാഹം പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും മാലിന്യവുമായി വന്ന ലോറികൾ പ്ലാന്റിലേക്ക് കടത്തിവിടുകയും ചെയ്തു.
അതേ സമയം ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. പുക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് പ്ലാന്റിൽ സന്ദർശനം നടത്തിയേക്കും. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ എന്നിവരായിരിക്കും ബ്രഹ്മപുരത്ത് എത്തുക.