കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്ന് സി.പി.എം നേതാവ് ജോര്ജ് എം. തോമസ്
|''കോടഞ്ചേരിയിലെ പ്രണയം രണ്ട് സമുദായങ്ങൾ തമ്മിൽ വലിയ തോതിൽ കലാപമുണ്ടാക്കാൻ ഇടവരുത്തുന്ന ഒരു നടപടിയാണ്. മിശ്രവിവാഹം കഴിക്കണമെന്നൊക്കെയുണ്ടെങ്കിൽ പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് ആലോചിക്കണം. പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്ന ഏതൊരാളെയും ഞങ്ങൾക്ക് താലോലിക്കാൻ പറ്റില്ല..''
കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസ്. താമരശ്ശേരിയിൽ സി.പി.എം പ്രാദേശിക നേതാവിന്റെ മിശ്രവിവാഹത്തിനെതിരെ ക്രിസ്ത്യൻ പുരോഹിതരും സംഘടനകളും രംഗത്തുവന്നതിനു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടഞ്ചേരി പ്രണയം പാർട്ടിക്ക് ഡാമേജുണ്ടാക്കിയെന്നും മിശ്രവിവാഹം നടത്തുമ്പോൾ പാർട്ടിയോട് ആലോചിചിച്ചിട്ടു വേണമെന്നും ജോര്ജ് എം. തോമസ് പറഞ്ഞു.
ലൗജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാർട്ടി രേഖകളിൽ പറഞ്ഞിട്ടുള്ളത്. പ്രൊഫഷനൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികള് ഇത്തരത്തിലുള്ള ലൗ ജിഹാദ് പോലെയുള്ള സംഗതികളിൽ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂർവമായിട്ട് കേരളത്തിൽ നടക്കുന്നുണ്ട്-അദ്ദേഹം വ്യക്തമാക്കി.
ലൗജിഹാദ് എന്ന പേര് ആർ.എസ്.എസ് ഉണ്ടാക്കിയതാണെന്നതിൽ തർക്കമില്ല. പക്ഷെ, അതിനെ കണ്ണടച്ച് എതിർക്കുകയോ അങ്ങനെയൊരു പ്രതിഭാസമേയില്ലെന്ന് പറയുകയോ ചെയ്യാൻ പറ്റാത്ത അനുഭവങ്ങൾ കേരളത്തിൽ ഒറ്റയും തെറ്റയുമായുണ്ട്. പ്രൊഫഷനൽ കോളേജുകളിലെ വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾക്കു വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി ഐ.എസിലേക്ക് ട്രെയിനിങ് കൊടുക്കുന്നതെല്ലാം കേരളത്തിൽ പത്രത്തിൽ വന്നിട്ടുള്ളതാണ്. അങ്ങനെയുള്ള പ്രശ്നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സി.പി.എം ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലെയുള്ള സംഘടനകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടഞ്ചേരിയിലെ പ്രണയം രണ്ട് സമുദായങ്ങൾ തമ്മിൽ വലിയ തോതിൽ കലാപമുണ്ടാക്കാൻ, ശത്രുത വളർത്താൻ ഇടവരുത്തുന്ന ഒരു നടപടിയാണ്. അങ്ങനെയൊരു പ്രണയമുണ്ട്, മിശ്രവിവാഹം കഴിക്കണമെന്നൊക്കെയുണ്ടെങ്കിൽ പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് ആലോചിച്ച്, പാർട്ടി സഖാക്കളുടെ ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് ചെയ്യേണ്ട കാര്യമാണ്. ഇങ്ങനെ ഓടിപ്പോകുകയെന്നാൽ അത് പാർട്ടിക്കുണ്ടാക്കുന്ന ഡാമേജ് വലുതാണ്. അങ്ങനെ പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്ന ഏതൊരാളെയും ഞങ്ങൾക്ക് താലോലിക്കാൻ പറ്റില്ല. പുതിയ കാലഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയുമായി സഹകരിച്ചുവരുമ്പോൾ അവരെ ഞങ്ങൾക്ക് എതിരാക്കി മാറ്റേണ്ടത് യു.ഡി.എഫിന്റെ, വിശേഷിച്ച് കോൺഗ്രസിന്റെ ആവശ്യമാണെന്നും ജോർജ് എം. തോമസ് ആരോപിച്ചു.
ഏഷ്യാനെറ്റ് അഭിമുഖത്തിന്റെ പൂർണരൂപം
റിപ്പോർട്ടർ: രണ്ടുപേർ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം നാട്ടിൽ സർവസാധാരണമാണ്. പക്ഷെ, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഇരുവിഭാഗത്തിലുള്ള രണ്ടുപേർ പ്രണയത്തിലായി, അവരെ കാണാതാകുന്നു. അതു വലിയ തോതിൽ വിവാദമാകുന്നു. ഇതിൽ കാണാതായ ചെറുപ്പക്കാരൻ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. ലോക്കൽ കമ്മിറ്റി അംഗമാണ്. ഈ സാഹചര്യത്തിലാണ് സി.പി.എം തിരുവമ്പാടി നേതൃത്വം നാളെയൊരു വിശദീകരണ യോഗം വിളിച്ചുചേർത്തത്. ഇങ്ങനെ വിശദീകരിക്കേണ്ടതൊക്കെയുണ്ടോ? സാധാരണ ആളുകൾ ഇങ്ങനെ പ്രണയിക്കുകയും ഒളിച്ചോടലുമൊക്കെ ഉള്ളതാണ്. എന്താണ് ഇങ്ങനെ വിശദീകരിക്കേണ്ട ആവശ്യം?
ജോർജ് എം തോമസ്: യഥാർത്ഥത്തിൽ ഇത് സാധാരണ പ്രണയവിവാഹമായി കാണാവുന്നതേയുള്ളൂ. എന്നാൽ, ക്രിസ്ത്യൻ സമുദായത്തിൽപെട്ടയാളുകൾ ഇതിന് ലൗജിഹാദ് പരിവേഷം നൽകി വലിയ രൂപത്തിലുള്ള പ്രതിഷേധ സമരങ്ങൾ നടത്തുകയാണ്. കഴിഞ്ഞ ദിവസം 300ഓളം ആളുകൾ കന്യാസ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത ഒരു പ്രകടനം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡി.വൈ.എഫ്.ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നു പറഞ്ഞുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് വിളിച്ചത്.
സി.പി.എമ്മാണ് ഈ കല്യാണത്തിന് മുൻകൈയെടുത്തത്, ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത് സി.പി.എം നേതാക്കളാണ്, പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടന്നത് എന്നൊക്കെയുള്ള വലിയ തോതിലുള്ള പ്രചാരണങ്ങൾ പാർട്ടിക്കെതിരെ വ്യാപകമായി നടക്കുകയാണ്. സാന്ദർഭികമായി ഇവൻ പാർട്ടി ലോക്കൽ കമ്മിറ്റി മെംബറും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമാണ്. അതുകൊണ്ട് സ്വാഭാവികമായി ഇത് ആളുകൾ വിശ്വാസത്തിലെടുക്കും. അപ്പോൾ സി.പി.എം നേതൃത്വത്തിൽ ഇക്കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തമാക്കാനുള്ള പാർട്ടിയുടെ നയവും, ഈ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്നുമുള്ള വസ്തുത ജനങ്ങൾക്കിടയിൽ വിശദീകരിക്കേണ്ടത് ഞങ്ങളുടെ ഒരു ബാധ്യതയായി മാറി. ഇല്ലെങ്കിൽ ഞങ്ങളെ പാർട്ടിയെ ആളുകൾ സംശയത്തോടുകൂടി മാത്രമേ നോക്കിക്കാണൂ.
പ്രത്യേകിച്ചും ഈ പുതിയ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ ഞങ്ങളുമായി സഹകരിച്ചുവരികയാണ്. പുരോഹിതന്മാരും ബിഷപ്പ് ഉൾപ്പെടെയുള്ള ആളുകൾ നല്ല നിലയിൽ സർക്കാരിനെയും പാർട്ടിയെയും പൊതുവിൽ അംഗീകരിക്കുന്ന ഒരു നിലപാടിലേക്ക് വന്നിട്ടുണ്ട്. അങ്ങനെ അടുത്തുവന്നിട്ടുള്ള ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്ക് എതിരാക്കി മാറ്റേണ്ടത് യു.ഡി.എഫിന്റെ വിശേഷിച്ച് കോൺഗ്രസിന്റെ ആവശ്യമാണ്. അവരാണ് ഈ പ്രോപഗണ്ടയ്ക്ക് പിറകിലുള്ളത്. അപ്പോൾ അതിൻരെ വസ്തുത, നേരും നുണയും നെല്ലും പതിരും വേർതിരിച്ച് അറിയിക്കാൻ, ജനങ്ങളെ അതിനനാവശ്യമായ ബോധവൽക്കരണം നടത്തൽ സി.പി.എമ്മിന്റെ അടിയന്തരമായ കടമയാണ്. അതുകൊണ്ടാണ് നാളെ പൊതുയോഗം വച്ചത്.
പുരോഹിതർ ഒന്നും പരസ്യമായി ലൗജിഹാദ് എന്നൊരു വിഷയം പറയുന്നത് കേട്ടിട്ടില്ല. എന്നാൽ, നാളെ നടക്കുന്ന സി.പി.എം വിശദീകരണ യോഗത്തിന് പേരുനൽകിയിരിക്കുന്നത് 'ലൗജിഹാദ്: സി.പി.എം വിശദീകരണ പൊതുയോഗം' എന്നാണ്. അപ്പോൾ ലൗജിഹാദ് എന്ന വിഷയത്തെ ആ രീതിയിൽ വീണ്ടും വ്യാപകമായ രീതിയിൽ ചർച്ചയിലേക്ക് കൊണ്ടുവരേണ്ട കാര്യമുണ്ടോ?
തീർച്ചയായും. കാരണം ഇതിനെ ലൗജിഹാദ് എന്ന് മുദ്രകുത്താനാണ് മറ്റുള്ളവർ ശ്രമിക്കുന്നത്. പക്ഷെ, ലൗജിഹാദ് വേറെ, പ്രണയവിവാഹം വേറെ. രണ്ടും രണ്ടാണ്. അപ്പോൾ ലൗജിഹാദ് പോലെയുള്ള വിഷയങ്ങളിൽ സി.പി.എമ്മിന്റെ നിലപാടെന്താണ്, ലൗജിഹാദ് എന്താണ്, ലൗജിഹാദിനോടുള്ള സി.പി.എം നിലപാടെന്താണ്, പ്രണയവിവാഹങ്ങളോടുള്ള സി.പി.എം നിലപാടെന്താണ്. പ്രായപൂർത്തിയായ ആളുകൾക്ക് വിവാഹം കഴിക്കാനും വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കാനും നിയമപരമായി അവകാശമുള്ള രാജ്യത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിനു പിന്നിലുള്ള യാഥാർത്ഥ്യമെന്താണ്, എന്തിനു വേണ്ടിയാണ് ഈ വിവാദങ്ങൾ ഉണ്ടാക്കുന്നത് എന്നെല്ലാമുള്ള കാര്യങ്ങൾക്കാണ് ഈ ലൗജിഹാദ് എന്ന പെട്ടെന്ന് ആകർഷിക്കുന്ന ഒരു വാക്ക്(ചിരിക്കുന്നു) എന്ന നിലയ്ക്ക് ഉപയോഗിച്ചു എന്നേയുള്ളൂ..
ഷിജിനിന്റെ നടപടിയെ സി.പി.എം തള്ളിപ്പറയുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് തള്ളിപ്പറഞ്ഞത്?
ഇത് രണ്ട് സമുദായങ്ങൾ തമ്മിൽ വലിയ തോതിൽ കലാപമുണ്ടാക്കാൻ, ശത്രുത വളർത്താൻ ഇടവരുത്തുന്ന ഒരു നടപടിയാണ്. അങ്ങനെയൊരു പ്രണയമുണ്ട്, മിശ്രവിവാഹം കഴിക്കണമെന്നൊക്കെയുണ്ടെങ്കിൽ പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് ആലോചിച്ച്, പാർട്ടി സഖാക്കളുടെ ഉപദേശവും നിർദേശവുമെല്ലാം സ്വീകരിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. പാർട്ടി അറിഞ്ഞുകൊണ്ട് ചെയ്യേണ്ട കാര്യമാണ്. പാർട്ടിയിൽ ഒരു അറിയിപ്പുമില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടിയിൽ അവന്റെ ഘടകത്തിൽ ചർച്ച ചെയ്തിട്ടില്ല. അടുത്ത സഖാക്കളോടുപോലും അവൻ മിണ്ടിയിട്ടില്ല. ഇങ്ങനെ ഓടിപ്പോകുകയെന്നാൽ അത് പാർട്ടിക്കുണ്ടാക്കുന്ന ഡാമേജ് വലുതാണ്. അങ്ങനെ പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുന്ന ഏതൊരാളെയും ഞങ്ങൾക്ക് താലോലിക്കാൻ പറ്റില്ല.
ഷിജിനിന്റെ പേരിൽ നടപടിയെന്തെങ്കിലും ആലോചിക്കുന്നുണ്ടോ?
ഇപ്പോൾ ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ടിവരും.
പരസ്പരം ഇഷ്ടമായ ശേഷം ബന്ധുക്കൾ എതിർത്താൽ ചെറുപ്പക്കാര് സാധാരണ ചെയ്യുന്ന വിഷയമാണ് മാറിപ്പോകുക, ഒളിച്ചോടുക എന്നതൊക്കെ. അതിനോട് സി.പി.എമ്മിന് താൽപര്യമില്ല എന്നാണോ പറയുന്നത്? അതോ പാർട്ടിയെ അറിയിക്കാത്തതാണോ പ്രശ്നം?
രണ്ടും പ്രശ്നമാണ്. ബേസിക് പ്രശ്നമെന്തു വച്ചാൽ മതസൗഹാർദത്തിന് ഏൽപിക്കുന്ന പരിക്ക്. മതസൗഹാർദം തകരാൻ സി.പി.എം ആഗ്രഹിക്കുന്നേയില്ല. മതമൈത്രിയുണ്ടാകണം. സാഹോദര്യമുണ്ടാകണം.
ആത്മാർത്ഥമായ പ്രണയമാണെങ്കിൽ അവർക്ക് ധാർമിക പിന്തുണ കൊടുക്കുന്നതാണ് സി.പി,എമ്മിന്റെ രീതി. അതുകൊണ്ടാണ് ചോദിച്ചത്?
അത് ഞങ്ങളും പഠിക്കണമല്ലോ.. ഞങ്ങൾക്ക് അറിയില്ലല്ലോ.. അത് പഠിച്ചേ പറയൂ.. ഇത് ആരും അറിയില്ല. ഞങ്ങളോട് ആരോടും പറഞ്ഞിട്ടില്ലല്ലോ...
രണ്ടുപേർക്കും പ്രണയമാണെന്ന് പഠിച്ചേ പറയാൻ പറ്റൂ?
അത് പറയാൻ പറ്റില്ല(ചിരിക്കുന്നു). ആ കുട്ടി ഞങ്ങൾ മനസിലാക്കിയേടത്തോളം പത്തു പതിനഞ്ച് ദിവസം മുൻപുവരെ ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം കൊണ്ട് വന്നിട്ട് ഇത്ര പെട്ടെന്നൊരു ഡീപ്പായ പ്രണയം രൂപപ്പെടുമോ? എനക്ക് അറിഞ്ഞൂടാട്ടോ അങ്ങനെയൊരു പ്രണയത്തെപ്പറ്റി..
ഇത് ലൗജിഹാദ് അല്ല എന്നാണല്ലോ ആദ്യം സൂചിപ്പിച്ചത്. ലിജിഹാദ് അല്ല എന്നു പറയുമ്പോൾ ലൗജിഹാദ് ഉണ്ട് എന്നാണോ സി.പി.എം കാണുന്നത്?
അങ്ങനെ ചില ഡോക്യുമെന്റ്സുകളിൽ പറഞ്ഞിട്ടുണ്ടല്ലോ.. ലൗജിഹാദ് എന്ന പ്രക്രിയ, പ്രത്യേകിച്ച് പാർട്ടി ഡോക്യുമെന്റുകളിൽ പറഞ്ഞിട്ടുള്ളത്, educated women in the professional colleges and institutions are being attracted by these things, love jihad or whatsoever. അപ്പൊ അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി ജേണലുകളിലും റെസല്യൂഷനുകളിലുമെല്ലാം വ്യക്തമാക്കിയ കാര്യമാണ്.
അപ്പൊ ലൗജിഹാദ് ഉണ്ടെന്നു തന്നെയാണല്ലേ?
അല്ല, ലൗജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. എന്നാൽ, അതൊരു വലിയ ഡിസ്പ്രപേഷനായിട്ട് വിശദീകരിക്കേണ്ട കാര്യമൊന്നുമില്ല. പ്രൊഫഷനൽ കോളേജുകളിലെ എജുക്കേറ്റഡായിട്ടുള്ള പെൺകുട്ടികളെ ഇതിന്റെ മറവിൽ ലൗജിഹാദ് എന്നോ മറ്റെന്തോ പേര് പറഞ്ഞിട്ട് ഇന്റർ റിലീജ്യസ് മാര്യേജ്, ഇന്റർഫെയ്ത്ത് മാര്യേജിലേക്കൊക്കെ പ്രേരിപ്പിക്കുന്നുണ്ട്.
ലൗജിഹാദ് എന്നതു തന്നെ ആർ.എസ്.എസ് പ്രയോഗമാണെന്നാണ്, അതിനോട് യോജിപ്പില്ലെന്നതാണ് പരസ്യ നിലപാടെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. പക്ഷെ, സി.പി.എം പാർട്ടി രേഖകളിൽ തന്നെ ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് ഉൾക്കൊള്ളുന്നു എന്നാണോ പറയുന്നത്?
ലൗജിഹാദ് എന്ന പേര് ആർ.എസ്.എസ് ഉണ്ടാക്കിയതാണല്ലോ. അതിൽ തർക്കമില്ല. അതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് സാമുദായിക മൈത്രി തകർക്കുക, വർഗീയ ധ്രുവീകരണമുണ്ടാക്കുക എന്നതു തന്നെയാണ്. പക്ഷെ, അതിനെ കണ്ണടച്ച് എതിർക്കുക, അങ്ങനെയൊരു പ്രതിഭാസമേയില്ലെന്ന് പറയാൻ പറ്റാത്ത അനുഭവങ്ങൾ കേരളത്തിൽ അറ്റയും തെറ്റയുമായിട്ടുണ്ട്.
ഇവിടെയുണ്ടോ, നിങ്ങളുടെ ഏരിയയിൽ തിരുവമ്പാടിയിലും മറ്റുമുണ്ടോ?
ഇല്ല, ഇവിടെയില്ല. ഞാൻ പറയുന്നത് സി.പി.എം ഡോക്യുമെന്റുകളിൽ പറയുന്നത് പ്രഫഷനൽ കോളേജുകളിലെ വെൽ എജ്യുക്കേറ്റഡായിട്ടുള്ള പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾക്കു വേണ്ടി പ്രേരിപ്പിച്ച് തട്ടിക്കൊണ്ടുപോയി എന്താ പറയാ ഐ.എസ്.എസോ മറ്റേതില്ലേ(ചിരിച്ചുകൊണ്ട്), ഇവന്മാർക്കെല്ലാം ട്രെയിനിങ് കൊടുക്കുന്നത് അതെല്ലാം ഇപ്പോ നമ്മുടെ കേരളത്തിൽ പത്രത്തിൽ വന്നിട്ടുള്ളതാണല്ലോ.. അങ്ങനെയൊരു വസ്തുതയുണ്ട്, അതിനെ കരുതണം. അങ്ങനെയുള്ള പ്രശ്നങ്ങളിൽ ആളുകൾ കുടുങ്ങാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സി.പി.എം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.
പരസ്യമായി പറഞ്ഞത് എവിടെയും കേട്ടിട്ടില്ല. സി.പി.എം പൊതുസമൂഹത്തോട് ഇങ്ങനെയൊരു ഭീഷണിയുണ്ട്. അത് ഞങ്ങൾ തിരിച്ചറിയുന്നു എന്നു പരസ്യമായി പറഞ്ഞതായിട്ട് എന്റെ അറിവിലില്ല. ഉണ്ടോ, അങ്ങനെ പറഞ്ഞിട്ടുണ്ടോ?
പരസ്യമായി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയൊരു സംഗതിയുണ്ട്.
അങ്ങനെയൊന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആരാണ് ഇതിന്റെ പിന്നിൽ, ഏതൊക്കെ സംഘടനകളാണ് എന്നുകൂടെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിച്ചിട്ടുണ്ടാകുമല്ലോ?
തീർച്ചയായും, ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും പോലെയുള്ള ആളുകളാണ്. ക്യാംപസ് ഫ്രണ്ട് എന്നെല്ലാം പറഞ്ഞുകെട്ടിട്ടില്ലേ നിങ്ങൾ? അതാണ്.
വിവാഹത്തിലെത്തിക്കാനും മതംമാറ്റത്തിനുമെല്ലാം ശ്രമിക്കുന്നുണ്ടെന്നാണോ നിങ്ങൾ പറയുന്നത്?
അങ്ങനെയുള്ള അനുഭവങ്ങൾ ഉറപ്പായിട്ടും കേരളത്തിലുണ്ട്. നിങ്ങൾ പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ടല്ലോ..
ഇതുൾപ്പെടെയുള്ള കാര്യങ്ങളാണോ നാളെ കോടഞ്ചേരിയിൽ വിശദീകരിക്കാൻ പോകുന്നത്?
അത് നാളെ വിശദീകരിക്കണോ, വേണ്ടയോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോൾ ഏതായാലും കോടഞ്ചേരിയിലെ വിഷയത്തെയാണ് ഫോക്കസ് ചെയ്യുന്നത്.