മുല്ലപ്പെരിയാർ ഡാം തുറന്നതിൽ ആശങ്കയില്ല; കാര്യമായി ജലനിരപ്പ് ഉയരുന്നില്ല
|ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെങ്കിലും ജലനിരപ്പ് കൂടിയാൽ തുറക്കുമെന്നും മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാർ തുറക്കുമ്പോൾ ആശങ്കയുണ്ടായിരുന്ന സ്ഥലമായ വള്ളക്കടവിൽ കാര്യമായി ജലനിരപ്പുയർന്നില്ല. മുല്ലപ്പെരിയാറിനോട് ചേർന്നു നിൽക്കുന്ന ജനവാസപ്രദേശങ്ങളിലൊന്നാണ് വള്ളക്കടവ്. ഡാമിനോട് ചേർന്നു നിൽക്കുന്ന മറ്റൊരു പ്രദേശമായ മഞ്ചുമലയിലും ഡാം തുറന്നിട്ട് രണ്ടു മണിക്കൂറിനോട് അടുക്കുമ്പോഴും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.
മുല്ലപ്പെരിയാർ ഡാം ആവശ്യമെങ്കിൽ കൂടുതൽ ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി അണക്കെട്ടിൽ നേരിയ തോതിൽ മാത്രമേ വെള്ളം ഉയരൂവെന്നും മാറ്റി പാർപ്പിക്കേണ്ടവരെ മാറ്റി പാർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. 339 കുടുംബങ്ങളിലായി ആയിരത്തലധികം പേരെയാണ് ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്. സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ലെങ്കിലും ജലനിരപ്പ് കൂടിയാൽ തുറക്കുമെന്നും മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം റോഷി അഗസ്റ്റിൻ അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു. എന്നിരുന്നാലും ജാഗ്രത വേണം , അലസത പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. കൃത്യതയോടെ അറിയിപ്പ് നൽകിയ ശേഷം മാത്രമേ ഇടുക്കി ഡാം തുറക്കൂവെന്നും മന്ത്രിമാർ വ്യക്തമാക്കി.
ഇന്നു രാവിലെ 7.29 നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ഷട്ടർ തുറന്നത്. 3,4 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാണ് തുറന്നത്. നിലവിൽ ഡാമിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ടു 139 അടിയിലേക്ക് അടുക്കുകയാണ്. 536 ഘനയടി വെള്ളമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുകുക.