പാചകവാതകം: ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു
|ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്.
രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതക വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.
ഏഴ് മാസത്തിനിടെ 350 രൂപയുടെ വർധന
ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ ഏഴ് മാസത്തിനിടെയുണ്ടായത് 350 രൂപയുടെ വർധന. മുംബൈയിലും ഡൽഹിയിലും 14.2 കിലോഗ്രാമിന്റെ ഒരു സിലിണ്ടറിന് 834.50 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തെ ഇത് 809 രൂപയായിരുന്നു. 25.50 രൂപയാണ് വ്യാഴാഴ്ച വർധിച്ചത്. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ വർഷം നവംബർ 30ന് സിലിണ്ടർ ഒന്നിന് 594 രൂപയായിരുന്നു വില. ഡിസംബറിൽ വില 694 രൂപയായി. ജനുവരിയിൽ വീണ്ടും വർധിപ്പിച്ച് 694 രൂപയായി. ഫെബ്രുവരിയിൽ 769 രൂപയാക്കി വർധിപ്പിച്ചു. മാർച്ച് ഒന്നിന് 819 രൂപയായി. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് 834 ആയി വർധിപ്പിച്ചത്. കേരളത്തിൽ 841 രൂപയും ചെന്നൈയിൽ 850 രൂപയാണ് വില. കൊൽക്കത്തയിലാണ് ഏറ്റവും കൂടുതൽ വില; 861 രൂപ.
പെട്രോൾ, ഡീസൽ വില 100 കടന്നതിന് പിന്നാലെയാണ് സാധാരണക്കാരുടെ നടുവൊടിച്ച് പാചക വാതക വിലയും വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും അത് ഉപഭോക്താക്കൾക്ക് കൈമാറാതെ അടിക്കടി നികുതി വർധിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാറിന്റേത്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെ എക്സൈസ് തീരുവയിൽ 350 ശതമാനം വർധനയാണ് ഉണ്ടായത്. ഡീസലിന് 900 ശതമാനവും. ശക്തമായ പൊതുജന രോഷത്തിനിടയിലും എണ്ണവില കുറക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഇന്ത്യയിൽ 28 കോടി പാചകവാതക ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ എട്ടു കോടി പ്രധാനമന്ത്രി ഉജ്ജ്വൽ യോജ്ന പദ്ധതിക്ക് കീഴിലാണ്. വിപണി വിലയ്ക്ക് സിലിണ്ടർ വാങ്ങുമ്പോൾ സബ്സിഡി ബാങ്കിലെത്തുന്ന സംവിധാനം പലയിടത്തും നിലവിൽ നിശ്ചലമാണ് എന്ന ആരോപണവുമുണ്ട്.