'ആനവണ്ടിയലന്നു നമ്മള്'... മലയാള നോവലിലെ ഗാനം ആദ്യമായി ലിറിക്കല്‍ വീഡിയോ രൂപത്തില്‍
|നോവലിലെ കഥാപാത്രം എഴുതിയ പാട്ട് ലിറിക്കൽ വീഡിയോ രൂപത്തിൽ
കവിയും അധ്യാപകനും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണത്തിന്റെ 'പ്രേമനഗരം' എന്ന നോവലിലെ പാട്ട് ലിറിക്കൽ വീഡിയോയായി പുറത്തിറങ്ങി. പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലാണ് പ്രകാശന കർമം നിർവഹിച്ചത്. ഡി.സി ബുക്സാണ് നോവൽ പ്രസിദ്ധീകരിച്ചത്. പാട്ട് പുസ്തകത്തിലെ ക്യു.ആർ കോഡു വഴിയും കേൾക്കാനാവും.
മലയാള നോവൽ ചരിത്രത്തിലാദ്യമായാണ് നോവലിലെ കഥാപാത്രം എഴുതിയ പാട്ട് ലിറിക്കൽ വീഡിയോ രൂപത്തിൽ വരുന്നത്. നീലുവും മാധവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പ്രേമനഗരം. ഒരു യാത്രയിൽ മാധവ് നീലുവിനു വേണ്ടി എഴുതിയ ഗാനമാണ് പുറത്തിറങ്ങിയത്. മിധുൻ മലയാളമാണ് സംഗീതം, അഭിലാഷ് തിരുവോത്ത് വരയും ഹെൻസൻ ആന്റോ എഡിറ്റിങ്ങും നിർവഹിച്ചു. മിധുൻ മലയാളവും ശ്രീലക്ഷ്മിയുമാണ് ഗായകർ.
പ്രേമവും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള ബന്ധത്തിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. പുരോഗമനവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന കേരളത്തിന്റെ ദ്വന്ദ്വ മുഖത്തെ നോവൽ വരച്ചുകാട്ടുന്നു.