'പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടാല്‍ പോക്സോ എന്തിന്?' ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി എം.കെ മുനീര്‍
|'ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി'
ജെൻഡർ ന്യൂട്രാലിറ്റിയിൽ വിചിത്രവാദവുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ. പ്രായപൂർത്തിയായ പുരുഷൻ ഒരു ആൺകുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നാണ് എം.കെ മുനീറിന്‍റെ ചോദ്യം. ഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി. ലിംഗനീതിയാണ് ആവശ്യമെന്നും എം.കെ മുനീർ പറഞ്ഞു.
"ഹോമോസെക്ഷ്വാലിറ്റിയുടെ പേരില്‍ എത്ര കേസുകള്‍ നടക്കുന്നു? പോക്സോ കേസുകളൊക്കെ എന്താണ്? പുരുഷന്‍ ആണ്‍കുട്ടിയുമായി ബന്ധപ്പെട്ടതിന്‍റെ പേരില്‍ പോക്സോ കേസ് എടുക്കുന്നത് എന്തിനാ? ജെൻഡർ ന്യൂട്രാലിറ്റിയാണ്. ജെൻഡർ ന്യൂട്രാലിറ്റിക്ക് കേസെടുക്കുന്നു. ഇപ്പോ പോക്സോ ആവശ്യമുണ്ടോ? ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക"- എം.കെ മുനീര്‍ പറഞ്ഞു.
കോഴിക്കോട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍റെ പരിപാടിയിലാണ് എം.കെ മുനീറിന്‍റെ ചോദ്യം. 'കേരള പാഠ്യ പദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ഭൂരിപക്ഷം മതവിശ്വാസികളെ വെല്ലുവിളിക്കുകയാണ്. പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടുമിട്ടാല്‍ ലിംഗനീതിയാവുമോ? വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോയെന്നും എം.കെ മുനീര്‍ ചോദിച്ചു.