'മാസപ്പടിയിൽ അന്വേഷണം നടത്തിയാൽ ആരോപണം തെളിയിക്കപ്പെടും': എം.എം ഹസന്‍
|ഗുരുതരമായ ആരോപണമായതിനാലാണ് മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തതെന്നും ഹസൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം നടത്തിയാൽ ആരോപണം തെളിയിക്കപ്പെടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ഗുരുതരമായ ആരോപണമായതിനാലാണ് മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തതെന്നും എം.എം ഹസൻ പറഞ്ഞു. ചെയ്യാത്ത സേവനത്തിന് അവർ പ്രതിഫലം കൈപറ്റിയെന്നതിൽ മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ അധികാര ദുർവിനിയോഗം നടത്തിയെന്നും ഹസൻ ആരോപിച്ചു.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ മൊഴിയെടുത്തത് പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണം തന്നെ പ്രഹസനമാണെന്നും എല്ലാം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും നേരത്തേയും തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതുകൊണ്ടൊന്നും സിപിഎം- ബിജെപി ബാന്ധവം മറയ്ക്കാനാകില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
മാസപ്പടിക്കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കഴിഞ്ഞ ബുധനാഴ്ച ചെന്നൈയിൽവെച്ച് വീണയുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമായിരുന്നു മൊഴിയെടുപ്പ് നടപടി.