'സ്വപ്ന സുരേഷിന്‍റെ ലോക്കറിനെ കുറിച്ച് അറിയില്ല': കെട്ടിച്ചമച്ച കേസെന്ന് ശിവശങ്കര്‍
|രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്‍റെ വാദം.
രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.
സ്വർണക്കടത്തിലെ കള്ളപ്പണക്കേസിൽ ശിവശങ്കറിനെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ ലോക്കറിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും തന്റെ പേരിൽ ഉള്ളത് കെട്ടിച്ചമച്ച കഥയാണെന്നുമാണ് ശിവശങ്കർ മൊഴി നൽകിയത്.
സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യംചെയ്തത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇ.ഡി ചോദ്യംചെയ്തിരുന്നു.