Kerala
m swaraj against the channel discussion against the solidarity to palestine protest kerala
Kerala

'അതെ, ഫലസ്തീൻ കേരളത്തിലാണ്; നിങ്ങൾ വാങ്ങുന്ന വേതനത്തിന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചോരയുടെ ഗന്ധമുണ്ട്': എം സ്വരാജ്

Web Desk
|
7 Nov 2023 2:24 PM GMT

'പലസ്തീൻ കേരളത്തിലോ?' എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയർത്തിയവർ ഒന്നു സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി നോക്കൂ. ഇന്ന് ലോകമാകെ പാറുന്നത് ഫലസ്തീന്റെ പതാകയാണ്'.

ഗസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിനെതിരെയും ഫലസ്തീന് ഐക്യദാർഢ്യമർപ്പിച്ചും കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 'പലസ്തീൻ കേരളത്തിലോ?' എന്ന വിഷയത്തിൽ ചർച്ച നടത്തിയ ഏഷ്യനെറ്റ് ന്യൂസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. ഫലസ്തീൻ കേരളത്തിലാണെന്നും അവിടെ കൊല്ലപ്പെട്ടവർ തങ്ങളുടെ സഹോദരങ്ങളാണെന്നും എം. സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

'കേരളത്തിന്റെ ശത്രുപക്ഷത്ത് അണിനിരക്കുന്നവർ ചരിത്രം മറക്കരുത്. വിശ്വമാനവികതയുടെ പതാകയേന്തുന്ന നാടാണ് കേരളം. 'എഴുന്നേല്പാൻ പിടയുന്ന' മനുഷ്യർക്കിടയിലാണ്, അവരോടൊപ്പമാണ് മലയാളികൾ. ഫലസ്തീനിൽ നടക്കുന്നത് സമീപ ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത മനുഷ്യക്കുരുതിയാണ്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്ത മനുഷ്യക്കുരുതി. സ്വന്തം ജനതയുടെ ചോരയിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന ഫലസ്തീനിലെ അവശേഷിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടത് ഈ ഭൂമിയിലെ സകലരുടെയും കടമയാണ്. ഇവിടെ ഞങ്ങൾ നിർവഹിക്കുന്നത് ആ കടമയാണ്'.

'പലസ്തീൻ കേരളത്തിലോ?' എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയർത്തിയവർ ഒന്നു സ്റ്റുഡിയോയ്ക്ക് പുറത്തിറങ്ങി നോക്കൂ. ഇന്ന് ലോകമാകെ പാറുന്നത് ഫലസ്തീന്റെ പതാകയാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനു വേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധ റാലിയിൽ മൂന്ന് ലക്ഷത്തിലധികം മനുഷ്യരാണ് അണിനിരന്നത്. 'പലസ്തീൻ ലണ്ടനിലോ?' എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയർത്തിയിട്ടില്ല..

.റോമിൽ, ഡബ്ലിനിൽ, ഗ്ലാസ്ഗോയിൽ, ജനീവയിൽ, സ്വീഡനിൽ, ടൊറോന്റോയിൽ, ഡെന്മാർക്കിൽ, തുർക്കിയിൽ, ജോർദാനിൽ... എന്തിനധികം അമേരിക്കയിലെ ജൂതൻമാർ ഇസ്രായേൽ ക്രൂരതയ്ക്കെതിരെ വാഷിങ്ടണിലെ കാപ്പിറ്റോൾ ഹില്ലിലേക്ക് നടത്തിയ കൂറ്റൻ പ്രതിഷേധ മാർച്ച് മുതൽ നെതന്യാഹുവിന്റെ വീടിനു മുന്നിൽ പ്രതിഷേധ റാലി നടത്തിയ ജറുസലെമിലെ ജൂതസമൂഹം വരെ ഫലസ്തീനിലെ വേട്ടയാടപ്പെടുന്ന മനുഷ്യരോടൊപ്പമാണെന്ന് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലാണ് നിങ്ങൾക്ക് മനസിലാവുക?'.

.ലോകത്തെവിടെയും മുറിവേറ്റു പിടയുന്ന മനുഷ്യന് സ്വന്തം സഹോദരന്റെ മുഖമാണെന്നു തിരിച്ചറിയാൻ നിങ്ങൾക്ക് ഇനിയുമെത്ര കാലം കഴിയണം..? ഭൂമിയിലാകെ ഫലസ്തീനു വേണ്ടി ഉയരുന്ന മനുഷ്യത്വത്തിന്റെ ശബ്ദം കേൾക്കാനാവാത്തവിധം വർഗീയവിഷത്താൽ സ്വാധീനിക്കപ്പെട്ടവരെ, പലസ്തീൻ കേരളത്തിലാണ്. ഫലസ്തീൻ സ്വീഡനിലാണ്, റോമിലാണ്, ലണ്ടനിലാണ്, അമേരിക്കയിലാണ്. ഭൂമിയിൽ 'മനുഷ്യ'രുള്ള ഓരോ തരി മണ്ണും ഇന്ന് ഫലസ്തീനാണ്. പനവിളയിൽ സയണിസ്റ്റ് മിസൈൽ പതിക്കാത്തിടത്തോളം ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വിശ്വസിക്കാൻ നിങ്ങൾക്കവകാശമുണ്ട്'.

'പാർലമന്റംഗത്വം മാത്രമല്ല മന്ത്രി സ്ഥാനവും വിലയ്ക്കു വാങ്ങാമെന്ന് തെളിയിച്ച മുതലാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം മനഃസാക്ഷിയെ സ്റ്റുഡിയോയുടെ ഇത്തിരി ചതുരത്തിനു വെളിയിൽ പൂട്ടി വെയ്ക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, കുഞ്ഞുങ്ങളുടെ നിലവിളി ലോകമെങ്ങും മാറ്റൊലിക്കൊള്ളുന്ന നേരത്തു പോലും ചുറ്റും തൊമ്മിമാരെ ഇരുത്തി പരിഹാസക്കച്ചേരി നടത്തുന്ന സുഹൃത്തേ, നിങ്ങൾ വാങ്ങുന്ന വേതനത്തിന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചോരയുടെ ഗന്ധമുണ്ടെന്ന് മറക്കാതിരിക്കുക'- സ്വരാജ് ഓർമിപ്പിച്ചു.

എം. സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

അതെ, പലസ്തീൻ കേരളത്തിലാണ് ...

"എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെൻ കൈയുകൾ നൊന്തീടുകയാ-

ണെങ്ങോ മർദ്ദന,മവിടെ

പ്രഹരം വീഴുവതെന്റെ പുറത്താകുന്നു......"

ലോകത്തെവിടെയും ഒരു മനുഷ്യനെ ചങ്ങലകളാൽ ബന്ധിക്കുമ്പോൾ വേദനിക്കുന്നത് തന്റെ കൈകളാണെന്നും ഏതൊരുവന് മർദ്ദനമേൽക്കുമ്പോഴും ആ പ്രഹരം പതിയ്ക്കുന്നത് സ്വന്തം ശരീരത്തിലാണെന്നും

ഹൃദയം കൊണ്ടെഴുതിയത്

എൻ വി കൃഷ്ണവാര്യരായിരുന്നു.

'ആഫ്രിക്ക ' എന്ന കവിതയിൽ എൻ വി ഇങ്ങനെ തുടരുന്നു

"എങ്ങെഴുന്നേല്പാൻ പിടയും മാനുഷ - നവിടെജ്ജീവിച്ചീടുന്നു ഞാൻ . ഇന്നാഫ്രിക്കയിതെൻ നാടവളുടെ ദുഖത്താലേ ഞാൻ കരയുന്നു.. "

ഇന്നു തന്റെ നാടിന്റെ പേര് ''ആഫ്രിക്ക' എന്നാണെന്ന് കവി പ്രഖ്യാപിക്കുന്നു.

എൻ വി കൃഷ്ണവാര്യർ 'ആഫ്രിക്ക'

എഴുതുമ്പോൾ ഏഷ്യാനെറ്റ് ഉണ്ടായിരുന്നില്ല. അതിനാൽ

''ആഫ്രിക്ക കേരളത്തിലോ ? '

എന്ന ചോദ്യം അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിട്ടുമില്ല.

അമേരിക്കൻ ഉപരോധത്താൽ ദുരിതമനുഭവിക്കുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ വീടും കടയും കയറിയിറങ്ങി ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് ഹവാനയിൽ എത്തിച്ചു നൽകിയത്

ഡി വൈ എഫ് ഐ ആയിരുന്നു.

'ക്യൂബ കേരളത്തിലോ?'

എന്ന് അന്നാരും ചോദിച്ചിട്ടില്ല.

സാമ്രാജ്യത്വ അധിനിവേശം ഇറാക്കിനെ ശവപ്പറമ്പാക്കിയപ്പോഴാണ്

ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ അവിടെ മരിച്ചു വീണത്. ഹൃദയം നുറുങ്ങുന്ന വാർത്ത പുറത്തു വന്നയുടൻ മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളും കയറിയിറങ്ങി മരുന്നുകൾ ശേഖരിച്ച് ബാഗ്ദാദിൽ എത്തിച്ചു നൽകിയതും ഡിവൈഎഫ്ഐ ആയിരുന്നു.

''ഇറാഖ് കേരളത്തിലോ ? '

എന്നൊരു ചോദ്യം അന്നാരും കേട്ടിട്ടില്ല.

നിക്കരാഗ്വയിലെ കാപ്പി കർഷകരെ സഹായിക്കാൻ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടെ

'കോഫീ ബ്രിഗേഡിൽ' അംഗങ്ങളായി

വിദ്യാർത്ഥി - യുവജന പോരാളികൾ

നിക്കരാഗ്വയിലേക്ക് പുറപ്പെട്ടപ്പോഴും

'നിക്കരാഗ്വ കേരളത്തിലോ'

എന്ന ചോദ്യം ഒരിടത്തു നിന്നും ഉയർന്നിട്ടില്ല.

ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഭൂകമ്പമുണ്ടായത്. ആയിരങ്ങൾ മരിച്ച വാർത്തയറിഞ്ഞ ഞങ്ങൾ അന്നുതന്നെ

എസ് എഫ് ഐ യൂണിറ്റു കമ്മിറ്റി ചേർന്ന്

ദുരിതാശ്വാസ ഫണ്ടു പിരിക്കാൻ തീരുമാനിച്ചു. ബക്കറ്റുമായി ഫണ്ടു പിരിവിനിറങ്ങിയപ്പോൾ നാട്ടിൻപുറത്ത് ഒരാൾ പോലും

'മഹാരാഷ്ട്ര കേരളത്തിലോ?'

എന്ന ചോദ്യമുന്നയിച്ചില്ല.

അങ്ങനെ എത്രയെത്ര അനുഭവങ്ങൾ .

നെൽസൺ മണ്ടേലയെ ജയിലിലടച്ചതിനെതിരെ പ്രകടനം നടക്കാത്ത ഒരൊറ്റ കലാലയമോ തെരുവോ കേരളത്തിലില്ലെന്ന് ഏഷ്യാനെറ്റിനറിയുമോ?

അമേരിക്കയ്ക്കെതിരെ വിയറ്റ്നാമിന് ഐക്യദാർഢ്യവുമായി ആർത്തിരമ്പിയ ലോകമെങ്ങുമുള്ള കലാലയങ്ങളുടെ ചരിത്രം ഏഷ്യനെറ്റിനറിയുമോ?

ആ സമരക്കൊടുങ്കാറ്റ് അമേരിക്കൻ കലാലയങ്ങളിൽ പോലും ആഞ്ഞു വീശിയതിന്റെയും

സ്വന്തം വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന അമേരിക്കൻ സൈന്യത്തിന്റെയും

ചരിത്രം ഏഷ്യാനെറ്റ് കേട്ടിട്ടുണ്ടോ ?

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയെന്ന വാർത്ത അൽ ജസീറ ടി വി പുറത്തുവിട്ട് മിനുട്ടുകൾക്കുള്ളിൽ തിരുവനന്തപുരത്ത് സാമ്രാജ്യത്വ വിരുദ്ധ പ്രകടനം നടത്തിയ വിദ്യാർത്ഥികൾ പ്രതീകാത്മകമായി അമേരിക്കൻ പ്രസിഡന്റിനെ തൂക്കിലേറ്റിയത് ഏഷ്യാനെറ്റിന് ഓർമയുണ്ടോ ?

കേരളത്തിന്റെ ശത്രുപക്ഷത്ത് അണിനിരക്കുന്നവർ ചരിത്രം മറക്കരുത്. വിശ്വമാനവികതയുടെ പതാകയേന്തുന്ന നാടാണു കേരളം.

"എഴുന്നേല്പാൻ പിടയുന്ന " മനുഷ്യർക്കിടയിലാണ്, അവരോടൊപ്പമാണ് മലയാളികൾ.

പലസ്തീനിൽ നടക്കുന്നത് സമീപ ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത മനുഷ്യക്കുരുതിയാണ്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്ത മനുഷ്യക്കുരുതി.

സ്വന്തം ജനതയുടെ ചോരയിൽ കഴുത്തറ്റം മുങ്ങിനിൽക്കുന്ന പലസ്തീനിലെ അവശേഷിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടത് ഈ ഭൂമിയിലെ സകലരുടെയും കടമയാണ്.

ഇവിടെ ഞങ്ങൾ നിർവഹിക്കുന്നത് ആ കടമയാണ് . അപ്പോൾ

"പലസ്തീൻ കേരളത്തിലോ ? "

എന്നു ചോദിക്കുന്നവരേ

നിങ്ങളോട് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു:

അതെ,

പലസ്തീൻ കേരളത്തിലാണ്. കേരളത്തിൽ തന്നെയാണ്.

അവിടെ കൊല്ലപ്പെട്ടവർ ഞങ്ങളുടെ സഹോദരങ്ങളുമാണ് .

'പലസ്തീൻ കേരളത്തിലോ ? '

എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയർത്തിയവർ ഒന്നു സ്റ്റുഡിയോക്കു പുറത്തിറങ്ങി നോക്കൂ.

ഇന്ന് ലോകമാകെ പാറുന്നത് പലസ്തീന്റെ പതാകയാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് പലസ്തീനു വേണ്ടിയാണ്.

ലണ്ടനിലെ പ്രതിഷേധ റാലിയിൽ മൂന്ന് ലക്ഷത്തിലധികം മനുഷ്യരാണ് അണിനിരന്നത്.

പലസ്തീൻ ലണ്ടനിലോ ?

എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയർത്തിയിട്ടില്ല.

റോമിൽ , ഡബ്ലിനിൽ, ഗ്ലാസ്ഗോയിൽ, ജനീവയിൽ , സ്വീഡനിൽ, ടൊറോന്റോയിൽ , ഡെന്മാർക്കിൽ , തുർക്കിയിൽ , ജോർദ്ദാനിൽ .....

എന്തിനധികം അമേരിക്കയിലെ ജൂതൻമാർ ഇസ്രായേൽ ക്രൂരതയ്ക്കെതിരെ വാഷിംഗ്ടണിലെ കാപ്പിറ്റോൾ ഹില്ലിലേക്ക് നടത്തിയ കൂറ്റൻ പ്രതിഷേധ മാർച്ചു മുതൽ നെതന്യാഹുവിന്റെ വീടിനു മുന്നിൽ പ്രതിഷേധ റാലി നടത്തിയ ജറുസലേമിലെ ജൂതസമൂഹം വരെ പലസ്തീനിലെ വേട്ടയാടപ്പെടുന്ന മനുഷ്യരോടൊപ്പമാണെന്ന് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലാണ് നിങ്ങൾക്ക് മനസിലാവുക?

ലോകത്തെവിടെയും മുറിവേറ്റു പിടയുന്ന മനുഷ്യന് സ്വന്തം സഹോദരന്റെ മുഖമാണെന്നു തിരിച്ചറിയാൻ നിങ്ങൾക്ക് ഇനിയുമെത്ര കാലം കഴിയണം..?

ഭൂമിയിലാകെ പലസ്തീനു വേണ്ടി ഉയരുന്ന മനുഷ്യത്വത്തിന്റെ ശബ്ദം കേൾക്കാനാവാത്തവിധം വർഗീയവിഷത്താൽ സ്വാധീനിക്കപ്പെട്ടവരെ,

പലസ്തീൻ കേരളത്തിലാണ് ...

പലസ്തീൻ സ്വീഡനിലാണ്, റോമിലാണ് , ലണ്ടനിലാണ്, അമേരിക്കയിലാണ്......

ഭൂമിയിൽ 'മനുഷ്യ'രുള്ള ഓരോതരി മണ്ണും ഇന്നു പലസ്തീനാണ്.

പനവിളയിൽ സയണിസ്റ്റ് മിസൈൽ പതിയ്ക്കാത്തിടത്തോളം ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വിശ്വസിക്കാൻ നിങ്ങൾക്കവകാശമുണ്ട്.

പാർലമന്റംഗത്വം മാത്രമല്ല മന്ത്രി സ്ഥാനവും വിലയ്ക്കു വാങ്ങാമെന്ന് തെളിയിച്ച മുതലാളിയെ പ്രീതിപ്പെടുത്താൻ സ്വന്തം മനസാക്ഷിയെ സ്റ്റുഡിയോയുടെ ഇത്തിരി ചതുരത്തിനു വെളിയിൽ പൂട്ടി വെയ്ക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

പക്ഷേ,

കുഞ്ഞുങ്ങളുടെ നിലവിളി ലോകമെങ്ങും മാറ്റൊലിക്കൊള്ളുന്ന നേരത്തു പോലും

ചുറ്റും തൊമ്മിമാരെ ഇരുത്തി പരിഹാസക്കച്ചേരി നടത്തുന്ന സുഹൃത്തേ

നിങ്ങൾ വാങ്ങുന്ന വേതനത്തിന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചോരയുടെ ഗന്ധമുണ്ടെന്ന് മറക്കാതിരിക്കുക.



Similar Posts