ജനകീയ പ്രതിരോധ ജാഥ; എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പേരെടുത്തു പറഞ്ഞ് എം സ്വരാജ്
|" സംഘപരിവാറിനെതിരായ സമരത്തിന് വിശ്വാസമർപ്പിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെയാണ് എന്ന ബോധ്യം ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്."
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥാ വീഡിയോയിൽ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ പേര് എടുത്തുപറഞ്ഞ് എം സ്വരാജ്. മലപ്പുറം ജില്ലയിലെ സ്വീകരണങ്ങൾക്ക് നന്ദി അറിയിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് സത്താറിനെ കുറിച്ചുള്ള പരാമർശം. ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ച ദിവസം കോൺഗ്രസിനെതിരെ സത്താർ പന്തല്ലൂര്‍ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണം ശ്രദ്ധിക്കേണ്ട ഒന്നായിരുന്നെന്ന് സിപിഎം സംസ്ഥാന സമിതി അംഗമായ സ്വരാജ് പരോക്ഷമായി സൂചിപ്പിക്കുന്നു.
'മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ തങ്ങൾ മതനിരപേക്ഷ ഇന്ത്യയുടെ സംരക്ഷണത്തിന് വേണ്ടി പ്രതീക്ഷയർപ്പിക്കുന്നത് സിപിഐഎമ്മിലാണ് എന്ന് വിളിച്ചോതുന്ന പങ്കാളിത്തമാണ് സ്വീകരണ യോഗങ്ങളിൽ ഉണ്ടായത്. പ്രത്യേകിച്ച് ജാഥ ജില്ലയിൽ കടന്നു വന്ന ദിവസം തന്നെയാണ് എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താർ പന്തല്ലൂർ പരസ്യമായ ഒരു പ്രതികരണം നടത്തി. അത്, കോൺഗ്രസിന്റെ പ്ലീനറി സെഷനുമായി ബന്ധപ്പെട്ട്, അതിന്റെ പരസ്യത്തിൽ നിന്ന് ബഹുമാന്യനായ സ്വാതന്ത്ര്യ സമരസേനാനി അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയത് സംബന്ധിച്ചാണ്. കോൺഗ്രസിനകത്ത് ഒരു സംഘപരിവാർ മനസ്സുണ്ടോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ന്യൂനപക്ഷങ്ങൾക്കിടയിൽ അവരുടെ സംരക്ഷണത്തിന് സംഘപരിവാറിനെതിരായ സമരത്തിന് വിശ്വാസമർപ്പിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെയാണ് എന്ന ബോധ്യം ഈ ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളെയും പരമ്പരാഗതമായ കക്ഷി രാഷ്ട്രീയ സങ്കൽപ്പങ്ങൾക്കപ്പുറം അണിനിരത്താൻ കഴിഞ്ഞു എന്നതാണ് ജാഥയുടെ വിജയം.' - എം സ്വരാജ് പറഞ്ഞു.
മലപ്പുറത്തെ സ്വീകരണങ്ങൾ പാർട്ടിക്ക് നൽകിയ ആവേശം ചെറുതല്ലെന്ന് സ്വരാജ് പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയത്തിൽ മലപ്പുറം പൊതുവെ വലതുപക്ഷത്തിന്റെ ശക്തിദുർഗമായാണ് അറിയപ്പെടുന്നത്. എന്നാൽ സാമ്പ്രദായികവും പരമ്പരാഗതവുമായ അത്തരം ധാരണകളെ പാടെ തകർക്കുന്നതായിരുന്നു മലപ്പുറത്തെ ജാഥാ സ്വീകരണങ്ങൾ. സംഘാടകരുടെ പ്രതീക്ഷകൾ തെറ്റിച്ചാണ് ആളുകൾ ഒഴുകിയത്. പ്രത്യേകിച്ചും യുഡിഎഫിന് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന മലപ്പുറം, വേങ്ങര തുടങ്ങിയ മണ്ഡലങ്ങൾ. ഓരോ സ്വീകരണ കേന്ദ്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. വരുംകാലം മലപ്പുറത്തിന്റെ രാഷ്ട്രീയത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങളുടെ ചുവരെഴുത്തായി ഈ ജാഥാ സ്വീകരണങ്ങളെ വിലയിരുത്താൻ കഴിയും- അദ്ദേഹം കൂട്ടിച്ചേർത്തു.
റായ്പൂരിൽ ഈയിടെ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനവുമായി ബന്ധപ്പെട്ട പരസ്യത്തിൽ അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിനെതിരെയാണ് സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നത്. നേതാജിയും അംബേദ്കറും മുതൽ നരസിംഹറാവു വരെയുള്ള പരസ്യത്തിൽ എന്തു കൊണ്ടാണ് ആസാദില്ലാതെ പോയത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു.
'സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്‌റു, പട്ടേൽ, ആസാദ് ശ്രേണിയിലായിരുന്നു. എന്നാൽ എഐസിസി പ്ലീനത്തോടനുബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി നൽകിയ പരസ്യത്തിൽ മൗലാന അബുൽ കലാം ആസാദ് ഇല്ല. കോൺഗ്രസ് വിട്ടുപോയ നേതാജിയും, അംബേദ്ക്കറും തൊട്ട് ആ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹറാവു വരെ ഇടം പിടിച്ച പരസ്യത്തിൽ ആസാദില്ലാതെ പോയത് എന്ത് കൊണ്ടാണെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്. ഐ.സി.എച്ച്.ആറിന്റെ പരസ്യത്തിൽ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ്സ് കോൺഗ്രസിനകത്തും സജീവമാണോ?' - എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.
Summary: M Swaraj Comment on SKSSF leader Sathar Panthalloor