തൃക്കാക്കരയിൽ 7,000 കള്ളവോട്ട്, ഹൈക്കോടതിയിൽ പരാതി നൽകി: എം.സ്വരാജ്
|വ്യക്തിഹത്യയുടെ രാഷ്ട്രീയമാണ് എതിരാളികൾ മുന്നോട്ട് വെച്ചതെന്നും ജോ ജോസഫ് തൃക്കാക്കരയിലെ എംഎൽഎ ആകുമെന്നും സ്വരാജ് മീഡിയവണിനോട്
കൊച്ചി: തൃക്കാക്കരയിൽ 7, 000 കള്ളവോട്ട് കണ്ടെത്തിയെന്ന് എം. സ്വരാജ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും വേണ്ട രീതിയിൽ ഇടപെട്ടില്ല. ഹൈക്കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. വ്യക്തിഹത്യയുടെ രാഷ്ട്രീയമാണ് എതിരാളികൾ മുന്നോട്ട് വെച്ചതെന്നും ജോ ജോസഫ് തൃക്കാക്കരയിലെ എംഎൽഎ ആകുമെന്നും സ്വരാജ് മീഡിയവണിനോട് പറഞ്ഞു.
തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പുതിയതായി അപേക്ഷ നല്കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ല. ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം കാണിക്കാനാണ്. ക്രമക്കേടിന് കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുെമന്നും വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴാനൊരുങ്ങുകയാണ് തൃക്കാക്കരയില്‍. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ സ്ഥാനാർഥികളും മുന്നണി നേതാക്കളും ഓടിയെത്തിയുള്ള പ്രചാരണമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശം മൂന്ന് മുന്നണികളുടെയും അണികള്‍ ഇന്ന് കൊട്ടിത്തീർക്കും. ശക്തമായ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരത്തോടെ അവസാനമാകുന്നത്. നാളെ നിശബ്ദപ്രചാരണം കൂടി കഴിഞ്ഞാല്‍ പിന്നെ വോട്ടെടുപ്പാണ്. തൃക്കാക്കര വിധിയെഴുതുന്ന ദിനം.