കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണ് അനിൽ ആന്‍റണി: എം.വി ഗോവിന്ദന്‍
|'ബി.ജെ.പി മാനസിക നിലയുള്ള സുധാകരന്‍റെ പാർട്ടിയാണ് കോൺഗ്രസ്'
തിരുവനന്തപുരം: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണ് അനിൽ ആന്‍റണിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പി മാനസിക നിലയുള്ള സുധാകരന്‍റെ പാർട്ടിയാണ് കോൺഗ്രസ്. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ഡോക്യുമെന്ററി കാണണമെന്നാണ് സി.പി.എമ്മിന്‍റെ അഭിപ്രായമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി കോൺഗ്രസിലെ ഭാരവാഹിത്വങ്ങൾ രാജിവച്ചു. ഗുജറാത്ത് കലാപ കാലത്തെ നരേന്ദ്ര മോദിയുടെ നിലപാടുകൾ ചോദ്യംചെയ്ത ബിബിസി ഡോക്യുമെന്ററിയെ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് രാജി. രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാത്പര്യമാണ് പാർട്ടി താത്പര്യത്തേക്കാൾ വലുതെന്ന് അദ്ദേഹം മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.
ബിബിസി ഡോക്യുമെന്‍ററിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസിനുള്ളിൽ നിന്നുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് അനിൽ ആന്‍റണി പദവി ഒഴിഞ്ഞത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ , സാമൂഹ്യ മാധ്യമങ്ങളുടെയും ഡിജിറ്റൽ മീഡിയയുടെയും ദേശീയ കോ ഓർഡിനേറ്റർ പദവി എന്നിവയാണ് ഒഴിഞ്ഞത്. ബിബിസിയുടെ വിശ്വാസ്യത ചോദ്യംചെയ്ത് ട്വീറ്റ് ചെയ്ത് 9 മണിക്കൂറിനുള്ളിലാണ് ട്വിറ്ററിലൂടെ തന്നെ രാജിപ്രഖ്യാപനവും പുറംലോകത്തെ അറിയിച്ചത്. കെ.പി.സി.സിയ്ക്കും ശശി തരൂരിനും നന്ദി പറഞ്ഞു ആരംഭിക്കുന്ന രാജിക്കത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന ആക്രമണങ്ങളെയും വിമർശിച്ചു. സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അനിൽ കെ ആന്റണി പറഞ്ഞു.
തന്നെ വിമര്‍ശിക്കുന്നവരുടെ ഭാഷ ഉയർത്തിക്കാട്ടി കോൺഗ്രസിന്‍റെ നിലവാരത്തകർച്ചയെ പറ്റിയും അനിൽ പരിതപിച്ചു. ഭാരത് ജോഡോ യാത്രയെക്കുറിച്ചു പോസ്റ്റ് ഇടാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഫേസ്ബുക്കിൽ താൻ കുറച്ചു നാളായി സജീവമല്ലെന്നായിരുന്നു മറുപടി. നശീകരണത്തിന്‍റെ ആഖ്യാനങ്ങൾ രാജ്യത്തിനു ദോഷമാണെന്നും നിഷേധാത്മകമായ പ്രവർത്തനങ്ങളെ കാലം ചവറ്റുകുട്ടയിൽ തള്ളുമെന്നും പറഞ്ഞാണ് രാജിക്കത്ത് അവസാനിപ്പിച്ചത്.