Kerala
m v govindan ganapathi myth controversy
Kerala

'ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല, വിശ്വാസപ്രമാണത്തിന്‍റെ ഭാഗം': മിത്ത് വിവാദത്തില്‍ തിരുത്തുമായി എം.വി ഗോവിന്ദന്‍

Web Desk
|
4 Aug 2023 6:47 AM GMT

ഗണപതി മിത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞത്

ഡല്‍ഹി: ഗണപതി മിത്താണെന്ന വാദം തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതി വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്. മിത്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു. ഗണപതി മിത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.

"ഗണപതിയും വിശ്വാസ പ്രമാണത്തിന്‍റെ ഭാഗമാണ്. മിത്താണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ല എന്നും ഗണപതി മിത്താണെന്നും ആരാ പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെ"- എന്നാണ് എം.വി ഗോവിന്ദന്‍ ഇന്ന് ഡല്‍ഹിയില്‍ പറഞ്ഞത്. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി താന്‍ ഉദാഹരിച്ചതെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.

യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം എന്നും. നാമജപം വിളിച്ചാലും ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘനങ്ങൾക്കെതിരെ കേസെടുക്കും. വിശ്വാസത്തിന്റെ പേരിൽ ബി.ജെ.പി വർഗീയത വളർത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സി.പി.എം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണ്. കുറേ നാളായി വി.ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ്. വി.ഡി സതീശന്റെ മനസിന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ കയറി വരുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് കാരണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.



Related Tags :
Similar Posts