എങ്കില്‍ കെ സുധാകരനെ ചോദ്യംചെയ്യണം: എം വി ജയരാജന്‍
|എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്ന് എം വി ജയരാജന്‍
മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രതീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ചോദ്യംചെയ്യണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടി? അങ്ങനെ എങ്കിൽ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം. എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.
രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കെ സുധാകരൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നാണ് എം വി ജയരാജന്‍റെ ചോദ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരും മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞു. ഇത് ആവർത്തിക്കുന്ന സുധാകരനെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് എം വി ജയരാജന്‍ ആവശ്യപ്പെട്ടത്.
രതീഷിനെ തെറ്റായി പ്രതിചേർത്തത് പൊലീസല്ല. ലീഗ് പ്രവർത്തകൻ റഫീക്കിന്‍റെ മൊഴി പ്രകാരമാണ് എഫ്ഐആറിൽ രതീഷിന്‍റെ പേര് വന്നത്. സാക്ഷിമൊഴി എന്ന രീതിയിൽ പറഞ്ഞ പേരുകൾ എഴുതാതിരിക്കാൻ കഴിയില്ല. എതിരാളികൾ ആക്രമിച്ചാലും തിരിച്ചടിക്കരുത് എന്നാണ് പാർട്ടി തീരുമാനമെന്നും എം വി ജയരാജന്‍ പറഞ്ഞു.
ബിനാമി ഇടപാടുകൾ ഉള്ള ആളാണ് കെ എം ഷാജി എന്നാണ് റെയ്ഡില്‍ വ്യക്തമായത്. വിദേശത്തും നാട്ടിലും ബിനാമി ഇടപാടുകൾ ഉണ്ട് എന്ന് സംശയിക്കണം. ഷാജിക്ക് എതിരായ ഇ.ഡിയുടെ അന്വേഷണം മരവിച്ചു. ഇതിന് പിന്നിൽ ആര് എന്ന് വ്യക്തമാക്കണം. ഷാജിയുടെ ബിനാമി ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.