Kerala
എല്ലാവരുമായും സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച മഹാൻ: എം.എ യൂസഫലി
Kerala

എല്ലാവരുമായും സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച മഹാൻ: എം.എ യൂസഫലി

Web Desk
|
6 March 2022 10:51 AM GMT

തങ്ങളുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാകട്ടെയെന്നും യൂസഫലി

പണ്ഡിതനും സമുദായ നേതാവും മതേതരവാദിയും എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്നും യൂസഫലി വാർത്താകുറിപ്പിൽ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു അദ്ദേഹം വെച്ച് പുലർത്തി വന്നിരുന്നതായും ഈയടുത്ത് ആശുപത്രിയിൽ വെച്ച് സ്‌നേഹബന്ധം പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനും അദ്ദേഹത്തിന്റെ വേർപാട് താങ്ങാനാകട്ടെയെന്നും യൂസഫലി പറഞ്ഞു.

അർബുദ ബാധിതനായി ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങൾ) മർയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരിൽ മൂന്നാമനായി 1947 ജൂൺ 15ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പണക്കാട്ടെ ദേവധാർ സ്‌കൂളിൽ ഒന്നു മുതൽ നാലു വരെ പഠിച്ചു. തുടർന്ന് കോഴിക്കോട് മദ്റസത്തുൽ മുഹമ്മദിയ്യ (എം.എം ഹൈസ്‌കൂൾ) സ്‌കൂളിൽ ചേർന്നു. പത്തു വരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എൽ.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂർ ദർസിലാണ് ആദ്യം ചേർന്നത് . തുടർന്ന് പൊന്നാനി മഊനത്തിൽ ഇസ്‌ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടർന്നു. 1972ൽ ആണ് ജാമിഅയിൽ ചേർന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, കുമരംപുത്തൂർ എ.പി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാർ. ജാമിഅയിലെ പഠനത്തിനിടെ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനത്തിന്റെയും സംഘടനാ പ്രവർത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.

1973ൽ സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 1977ൽ മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി- മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തോട് കൂടുതൽ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങൾ ഹൈദരലി തങ്ങൾ ഏറ്റെടുത്തു. 2008ൽ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബർ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷൻ, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകൾ വഹിച്ചു. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കൾ.

Lulu Group Chairman MA Yousafali said that Panakkad Hyderali Shihab Thangal was a scholar, community leader, secularist and a person who maintained close brotherhood and love with all.

Similar Posts