അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി യുവാവ്; അടിയന്തര ഇടപെടലുമായി യൂസഫലി
|ലോക കേരള സഭയിൽവച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിൻ യൂസഫലിയോട് സഹായമഭ്യർഥിച്ചത്.
റിയാദ്: സൗദിയിൽ ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് മരിച്ച പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടിയ യുവാവിന് കരുതലിന്റെ കരംനീട്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലോക കേരള സഭയിൽവച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിൻ യൂസഫലിയോട് സഹായമഭ്യർഥിച്ചത്.
സൗദി കമീസിലായിരുന്നു തന്റെ അച്ഛൻ ജോലി ചെയ്തിരുന്നത്. ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് വീണ് അദ്ദേഹം മരണപ്പെട്ടു. നോർക്കയിൽ പരാതിപ്പെട്ടതോടെ പോസ്റ്റുമോർട്ടം കഴിഞ്ഞുവെന്ന് അറിഞ്ഞു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ലാത്ത സാഹചര്യമാണ്. അച്ഛന്റെ കൂട്ടുകാരൻ വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും മൂന്നു വർഷമായി താൻ അച്ഛനെ കണ്ടിട്ടെന്നും കണ്ഠമിടറിക്കൊണ്ടാണ് യുവാവ് പറഞ്ഞത്.
ഉടൻ തന്നെ വിഷയത്തിൽ ഇടപെടാൻ തന്റെ മാനേജറോട് ആവശ്യപ്പെട്ട യൂസഫലി വേദിയിൽ വച്ച് തന്നെ സൗദിയിലേക്ക് വിളിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാൻ നിർദേശം നൽകി. ഇതിനിടെ മറ്റൊരു വ്യക്തി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഇതൊരു സീരിയസ് ഇഷ്യൂ ആണ്. സ്വന്തം അച്ഛൻ മരിച്ചിട്ട് ബോഡി കിട്ടാത്ത വിഷയമാണ്. തിരക്ക് കൂട്ടല്ലേ എന്നും അദ്ദേഹം പറയുന്നുണ്ട്.