മാത്യുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ച് യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി
|പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
തൊടുപുഴ: അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി. മാത്യുവിന്റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി.
മാത്യുവിന്റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍. പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്, വി.ആർ. പീതാംബരന്, എൻ. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.
അതേസമയം കുട്ടിക്കർഷകർക്ക് സഹായവുമായി സംസ്ഥാന സർക്കാറും രംഗത്ത് എത്തി. ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ച് പശുക്കളെയും ഒരു മാസത്തെ കാലിത്തീറ്റയും നൽകും. കൂടുതൽ സഹായം ലഭ്യമാക്കുമെന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും പറഞ്ഞു.
നടൻ ജയറാമാണ് ആദ്യം സഹായവുമായി കുട്ടി കർഷകരുടെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയത്. തൻ്റെ പുതിയ സിനിമയുടെ പ്രൊമോഷന് പരിപാടികൾക്ക് മാറ്റിവെച്ച അഞ്ച് ലക്ഷം രൂപ കുട്ടികൾക്ക് കൈമാറി. പൃഥ്വിരാജ് രണ്ട് ലക്ഷം രൂപ നൽകി. മമ്മുട്ടി ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പി.ജെ ജോസഫ് എം.എൽ.എ സ്വന്തം ഫാമിലെ ഗീർ ഇനത്തിൽപ്പെട്ട പശുവിനെ കുട്ടികൾക്ക് നൽകി.