'ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം, ബാപ്പയെ കാണണം...'; മഅ്ദനി കേരളത്തിലേക്ക് പുറപ്പെട്ടു
|കർണാടക സർക്കാറിൽ നിന്ന് പ്രതികൂല നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് മഅ്ദനി
ബംഗളൂരു: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി കേരളത്തിലേക്ക് പുറപ്പെട്ടു. കർണാടക സർക്കാറിൽ നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
'ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. ക്രിയാറ്റിൻ ലെവൽ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നതുകൊണ്ട് ഇടക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സ്ട്രോക്ക് വന്ന് വീണുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങൾ സർവശക്തനായ ദൈവത്തിന് സമർപ്പിക്കുന്നു'. മഅ്ദനി പറഞ്ഞു.
'ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കൂടെ കുറച്ച് നാള് കഴിയണം. പിന്നെ ഉമ്മാടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാൻ. ഞാനത് അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോൾ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു...'..മഅ്ദനി പറഞ്ഞു.
ഏഴുമണിയോടെയാണ് മഅ്ദനി കൊച്ചിയിലെത്തുക. കൊച്ചിയിൽ ഇറങ്ങി ശേഷം കൊല്ലം അൻവാർശേരിയിലേക്ക് പോകും. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅ്ദനി കേരളത്തിലേക്ക് വരുന്നത്.പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാകും.