Kerala
Abdul Nazer Mahdani, Karnataka Police, Supreme Court, മഅ്ദനി, സുപ്രിം കോടതി, കര്‍ണാടക, കര്‍ണാടക പോലീസ്
Kerala

കേരളത്തില്‍ വരാന്‍ 60 ലക്ഷം; മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

Web Desk
|
1 May 2023 1:15 AM GMT

അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: കേരള സന്ദർശനത്തിന്‍റെ അകമ്പടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസർ മഅ്ദനി നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നാണ് ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരാകുന്നത്. 20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.

അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സർക്കാരിന്‍റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കോടതിയിൽ അറിയിച്ചു.

ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചത്.

Similar Posts