മഅ്ദനിയുടെ അവകാശങ്ങൾക്ക് വില പറയുമ്പോൾ അരുതെന്ന് പറയാൻ നീതിപീഠങ്ങൾക്ക് സാധിക്കാതെ പോകുന്നു: റസാഖ് പാലേരി
|'രോഗിയും അവശനുമായ ഒരു പൗരന് സ്വാഭാവികനീതി നിഷേധിക്കാൻ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാനും അത്തരം അധികാര പ്രയോഗങ്ങളെ തിരുത്താനും സുപ്രീം കോടതിക്ക് സാധിക്കേണ്ടതായിരുന്നു'
അബ്ദുന്നാസർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ചുമത്തിയ ഭീമമായ ചിലവുകളുടെ കാര്യത്തിൽ ഇടപ്പടാനാവില്ലെന്ന സുപ്രീം കോടതി നിലപാട് നീതിയുടെ താൽപര്യങ്ങളെയാണ് കുഴിച്ചു മൂടിയിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. രോഗിയും അവശനുമായ ഒരു പൗരന് സ്വാഭാവികനീതി നിഷേധിക്കാൻ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാനും അത്തരം അധികാര പ്രയോഗങ്ങളെ തിരുത്താനും സുപ്രീം കോടതിക്ക് സാധിക്കേണ്ടതായിരുന്നുവെന്നും റാസാഖ് പാലേരി പറഞ്ഞു. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോവണമെങ്കിൽ 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസ് നിബന്ധനയ്‌ക്കെതിരായ അബ്ദുൽനാസർ മഅ്ദനി മഅ്ദനിയുടെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
''അബ്ദുന്നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ചുമത്തിയ ഭീമമായ ചിലവുകളുടെ കാര്യത്തിൽ ഇടപ്പടാനാവില്ലെന്ന സുപ്രീം കോടതി നിലപാട് നീതിയുടെ താൽപര്യങ്ങളെയാണ് കുഴിച്ചു മൂടിയിരിക്കുന്നത്. കേവല സാങ്കേതികാർത്ഥത്തിൽ പോലും നീതിയും ന്യായവും ഉറപ്പ് വരുത്താൻ നീതിപീഠങ്ങൾക്ക് സാധിക്കാതെ വരുന്നത് നിരാശജനകം എന്നതിനേക്കാളേറെ പ്രതിഷേധാർഹമാണ്. രാജ്യത്തെ ഒരു നീതിപീഠവും ഇന്നേ വരേയ്ക്കും കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത, രോഗിയും അവശനുമായ ഒരു പൗരന് സ്വാഭാവികനീതി നിഷേധിക്കാൻ ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നത് മനസ്സിലാക്കാനും അത്തരം അധികാര പ്രയോഗങ്ങളെ തിരുത്താനും സുപ്രീം കോടതിക്ക് സാധിക്കേണ്ടതായിരുന്നു.
കടുത്ത ജാമ്യ വ്യവസ്ഥകൾക്ക് ഇളവ് തേടിയാണ് യഥാർത്ഥത്തിൽ മഅദനി കോടതിയെ സമീപിച്ചത്. ഫലത്തിൽ ഹൃസ്വ കാലത്തേക്ക് ഇളവുകൾ സാങ്കേതികമായി അനുവദിക്കപ്പെടുകയും അനുവദിക്കപ്പെട്ട ഇളവുകളെ കവച്ചു വെക്കുന്ന സാമ്പത്തിക ഭാരങ്ങൾ മഅദനിക്ക് മേൽ കെട്ടി വെക്കുകയുമാണ് ചെയ്തിട്ടുള്ളത്. എക്‌സിക്യൂട്ടീവും ജൂഡീഷ്യറിയും പൗരസമൂഹത്തിന്റെ പരിഹാസങ്ങൾക്ക് പാത്രമാകുന്ന കാഴ്ചയാണ് നിലവിൽ നാം കണ്ടു കൊണ്ടിരിക്കുന്നത്. കേവലം അക്ഷരങ്ങളിലൂടെയല്ല നീതിയുടെ താല്പര്യങ്ങൾ അന്വേഷിക്കപ്പെടേണ്ടത്. എഴുതി വെക്കപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധികൾക്കുള്ളിൽ മാത്രം ഒതുക്കിക്കൊണ്ടുമല്ല അത് നിർവഹിക്കപ്പെടേണ്ടത്. മാനുഷിക പരിഗണനയും അലിവും സഹാനുഭൂതിയും നീതിയുടെ അനിവാര്യ ഘടകങ്ങളാണ്.
തീർത്തും വക്രബുദ്ധിയോട് കൂടി ഭരണകൂടം മഅദനിയുടെ അവകാശങ്ങൾക്ക് 60 ലക്ഷത്തിന്റെ വിലയിടുമ്പോൾ അരുതെന്ന് പറയാൻ നീതിപീഠങ്ങൾക്ക് സാധിക്കാതെ പോകുന്നതെന്ത് കൊണ്ടാണ്? ചോദ്യങ്ങളാണ് ചരിത്രത്തെ രൂപപ്പെടുത്തിയത്. ജനാധിപത്യത്തെ നവീകരിക്കുന്നതും ചോദ്യങ്ങൾ തന്നെയാണ്. വിധേയപ്പെട്ട് ശീലമില്ലെന്ന് പ്രഖ്യാപിച്ച മഅദനിക്ക് വെൽഫെയർ പാർട്ടിയുടെ അഭിവാദ്യങ്ങൾ''- റസാഖ് പാലേരി പറഞ്ഞു