'നീതി നിഷേധത്തിന്റെ സമയം പിന്തുണ നൽകിയ നേതാവ്': ഉമ്മൻ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി മഅ്ദനി
|തനിക്ക് നീതി ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ മറക്കാനാവില്ലെന്നും മഅ്ദനി
കൊല്ലം: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. താൻ നേരിട്ട നീതി നിഷേധത്തിന്റെ സമയത്ത് തനിക്ക് പിന്തുണ നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും തനിക്ക് നീതി ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ മറക്കാനാവില്ലെന്നും മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു.
"താൻ നേരിട്ട നീതി നിഷേധത്തിന്റെ സമയത്ത് പിന്തുണ നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടി. തനിക്ക് വേണ്ടി നിരവധി ഇടപെടലുകൾ നടത്തിയ നേതാവാണദ്ദേഹം. അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മഹത്വം വിളിച്ചോതുന്ന വിധിയാണ് തനിക്കുണ്ടായത്. കൊല്ലം ഡിസിസിയുടെ ഇടപെടൽ പരാമർശിക്കാതെ വയ്യ. കെ.സി വേണുഗോപാൽ, വി.എം സുധീരൻ എന്നിവരുടെയും. സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചു. മനുഷ്യത്വപരമായ ഇടപെടൽ ആണ് എല്ലാവരും നടത്തിയത്. കർണാടകയിൽ ഭരണമാറ്റം കൊണ്ട് തനിക്ക് നേരെ സ്വീകരിച്ചിരുന്ന ദ്രോഹ സമീപനം കുറഞ്ഞു". മഅ്ദനി പറഞ്ഞു.
ജാമ്യവ്യവസ്ഥകളിൽ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. നീതി ന്യായ വ്യവസ്ഥയുടെ യശസ്സ് ഉയരുന്ന സന്ദർഭമാണിതെന്നും തന്നെ പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദിയുണ്ടെന്നും മഅ്ദനി ബംഗളൂരുവിൽ വെച്ച് പറഞ്ഞു. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇൻഫക്ഷൻ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദർശനം ഒഴിവാക്കി സഹകരിക്കണമെന്ന് അദ്ദേഹത്തിന് വേണ്ടി എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.
നീതിനിഷേധങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും നിരന്തരമായ വേട്ടയാടലുകളിൽ നിന്ന് അൽപമെങ്കിലും ആശ്വാസകരമായ സാഹചര്യം രൂപപ്പെടുന്നതിന് സഹായിച്ച പിന്തുണച്ച എല്ലാവരോടും പി.ഡി.പി കേന്ദ്രകമ്മിറ്റി നന്ദി അറിയിച്ചു.