Kerala
മഅ്ദനി: അനീതികൾക്കിടയിലെ ഇടക്കാല നീതിയെന്ന് റസാഖ് പാലേരി
Kerala

മഅ്ദനി: അനീതികൾക്കിടയിലെ ഇടക്കാല നീതിയെന്ന് റസാഖ് പാലേരി

Web Desk
|
17 July 2023 1:43 PM GMT

''ദീർഘകാലം ഭരണകൂട ഭീകരതക്കിരയായ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണം''

തിരുവനന്തപുരം: മഅ്ദനിയെ സംബന്ധിച്ചിടത്തോളം ദീർഘകാലമായി അദ്ദേഹം അനുഭവിച്ചു വരുന്ന തുല്യതയില്ലാത്ത അനീതികൾക്കിടയിൽ ലഭിച്ച ഒരു ഇടക്കാല നീതിയാണ് കോടതി വിധിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

'അബ്ദുന്നാസിർ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. അതേസമയം, ബാംഗ്ലൂർ സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന മറ്റു യു.എ.പി.എ വിചാരണത്തടവുകാരുടെ ജാമ്യവിഷയവും സുപ്രീംകോടതി പരിഗണിക്കുകയും നിരുപാധിക ജാമ്യം അനുവദിക്കുകയും വേണം'- റസാഖ് പാലേരി പറഞ്ഞു

'സ്വാഭാവികനീതിയും പ്രാഥമിക മനുഷ്യാവകാശങ്ങളും ലഭിക്കാൻ ഒരു വ്യക്തി അവശതയുടെയും അനാരോഗ്യത്തിന്റെയും പാരമ്യാവസ്ഥയിൽ എത്തണമെന്ന അലിഖിത വ്യവസ്ഥ നിലനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. വിചാരണ തന്നെയും ശിക്ഷയായിത്തീരുന്ന വൈരുധ്യം തിരുത്തേണ്ടത് നീതിന്യായ സംവിധാനങ്ങൾ തന്നെയാണ്'- അദ്ദേഹം പറഞ്ഞു.

പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിലവിൽ മഅ്ദനി നേരിട്ടു കൊണ്ടിരിക്കുന്നുണ്ട്. ദീർഘകാലം ഭരണകൂട ഭീകരതക്കിരയായ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Similar Posts