പിതാവിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി മഅ്ദനി ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും
|സുപ്രിംകോടതി അനുവദിച്ച ജാമ്യ കാലാവധി അവസാനിച്ചതോടെയാണ് മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങുന്നത്.
കൊച്ചി: ജാമ്യകാലാവധി അവസാനിച്ചതോടെ പിതാവിനെ കാണാനാവാതെ പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങും. 12 ദിവസത്തേക്കാണ് മഅ്ദനി കേരളത്തിലെത്തിയത്. രോഗാവസ്ഥയിലുള്ള പിതാവിനെ കാണണം, മാതാവിന്റെ ഖബറിടം സന്ദർശിക്കണം തുടങ്ങിയ ആഗ്രഹങ്ങളോടെയായിരുന്നു അദ്ദേഹം നാട്ടിലെത്തിയത്.
എന്നാൽ നെടുമ്പാശേരിയിലെത്തി കൊല്ലത്തേക്ക് പോവാനിരിക്കെ രക്തസമ്മർദം അനിയന്ത്രിതമായി കൂടുകയായിരുന്നു. ക്രിയാറ്റിന്റെ അളവും വർധിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ കൊല്ലത്തേക്കുള്ള യാത്ര ഡോക്ടർമാർ വിലക്കുകയായിരുന്നു. പിതാവിനെ കൊച്ചിയിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയും യാത്ര ചെയ്യാനാവാത്ത നിലയിലായതിനാൽ അതും നടന്നില്ല.
ഏപ്രിൽ 17നാണ് രോഗിയായ പിതാവിനെ കാണാൻ സുപ്രിംകോടതി മഅ്ദനിക്ക് മൂന്നുമാസത്തെ ജാമ്യം നൽകിയത്. അന്നത്തെ കർണാടക സർക്കാർ യാത്ര ചെലവായി ഭീമൻ തുക ചുമത്തിയതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅ്ദനിക്ക് നാട്ടിലെത്താനായത്.