മധു വധക്കേസ്; അറസ്റ്റിലായ പ്രതികളെ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്
|ഹൈക്കോടതി നടപടിയില്‍ വിഷമമുണ്ടെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു . തിങ്കളാഴ്ച വരെയാണ് കോടതി സ്റ്റേ അനുവദിച്ചത്. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി.
കേസിലെ 12 പ്രതികളുടെ ജാമ്യമാണ് സാക്ഷികളെ സ്വാധീനിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മണ്ണാർക്കാട് SC - ST കോടതി റദ്ദാക്കിയത്. ഇതിനെതിരെ പ്രതികളായ മരക്കാര്‍, രാധാക്യഷ്ണന് തുടങ്ങിയവര്‍ നല്കിയ ഹരജിയിലാണ് ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് ജാമ്യം റദാക്കിയ നടപടി സ്റ്റേ ചെയ്തത്. വിചാരണ കോടതി ഇത്തരത്തില്‍ ജാമ്യം റദ്ദാക്കിയതെങ്ങനെയന്ന് ചോദിച്ച ഹൈക്കോടതി കേസ് രേഖകള്‍ വിളിച്ചുവരുത്താനും തീരുമാനിച്ചു.
ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.നിലവില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് മൂന്ന് പ്രതികള്‍ ജയിലിലാണ്. അവരെ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു. 2018 ന് മെയ് 30 നാണ് മധുവധ കേസിലെ 16 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകിയത്.സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം വിചാരണ കോടതി റദ്ദാക്കുകയായിരുന്നു.
അതേസമയം, ഹൈക്കോടതി നടപടിയില്‍ വിഷമമുണ്ടെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു. ഇതിനിടെ മധു കേസ് സാക്ഷി വിസ്താരം മുപ്പതിലേക്ക് മാറ്റി വ്യക്തിപരമായ കാരണങ്ങളാല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല.അതിനാലാണ് വിസ്താരം മാറ്റിയത്.