'എനിക്കൊരു മകനേ ഉണ്ടായിരുന്നുള്ളൂ, അവൻ അങ്ങനെ പോയി': മധുവിന്റെ അമ്മ
|പ്രതികൾക്ക് ശിക്ഷ കുറഞ്ഞുപോയെന്നും നീതിക്കായി ഇനിയും പോരാടുമെന്നും കുടുംബം
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം. പ്രതികൾക്ക് ശിക്ഷ കുറഞ്ഞുപോയെന്നും നീതിക്കായി ഇനിയും പോരാടുമെന്നും അമ്മ മല്ലിയും സഹോദരി സരസുവും പ്രതികരിച്ചു.
"ഇന്നലെ രണ്ട് പ്രതികളെ വെറുതെ വിട്ടു എന്നറിഞ്ഞപ്പോൾ തന്നെ ഇന്നത്തെ ശിക്ഷയുടെ കാര്യത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. എങ്കിലും എന്ത് ശിക്ഷയാവും മധുവിന്റെ നമ്മുടെ കോടതി നൽകുകയെന്ന് അറിയാനാണ് ഇവിടെ വരെ വന്നത്. പ്രതികൾക്ക് ശിക്ഷ കുറഞ്ഞു പോയി എന്ന് തന്നെയാണ് പറയാനുള്ളത്. ശിക്ഷയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കും. മനപ്പൂർവമല്ലാത്ത നരഹത്യയല്ല, മനപ്പൂർവമുള്ള നരഹത്യയ്ക്കാണ് കേസെടുക്കേണ്ടത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രതികൾക്ക് കർശന ശിക്ഷ തന്നെ നൽകണം".
"500 രൂപ പിഴയൊടുക്കിയാൽ മധുവിനെ തിരിച്ചു കിട്ടുമോ? അവനനുഭവിച്ച വേദന എത്രത്തോളമാണെന്ന് എനിക്കൂഹിക്കാൻ പറ്റും. അത്രയധികം വേദനിപ്പിച്ച് മധുവിനെ കൊന്നിട്ടും ഇത്ര ചെറിയ ശിക്ഷയാണുള്ളത് എന്നത് അംഗീകരിക്കാനാവില്ല. അവർക്കാണോ ഏഴ് വർഷം ജയിലിൽ കിടക്കാൻ ബുദ്ധിമുട്ട്? കാട്ടിൽ അതിക്രമിച്ച് കയറിയ എല്ലാവരും പ്രതികളാണ്. എല്ലാവർക്കും തക്ക ശിക്ഷ തന്നെ ലഭിക്കണം. പിഴത്തുക ലഭിക്കാൻ വേണ്ടിയല്ല ഇത്രയും കഷ്ടപ്പെട്ടത്. നീതിക്കായി പോരാട്ടം തുടരുക തന്നെ ചെയ്യും". സരസു പറഞ്ഞു.
തെളിവുകളെല്ലാം കൊടുത്തിട്ടും ചെറിയ ശിക്ഷയാണ് കോടതി നൽകിയതെന്ന് ആരോപിച്ച മധുവിന്റെ അമ്മ മല്ലി, പ്രതികൾ കാട്ടിൽ പോയതെന്തിനെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.