മാധ്യമം അക്ഷരവീട് പദ്ധതിയുടെ 33ാമത്തെ വീട് നടൻ പവിത്രൻ കോഴിക്കോടിന് സമർപ്പിച്ചു
|കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മ പ്രസിഡന്‍റ് മോഹൻലാലാണ് 'ദ' എന്നുപേരിട്ടിട്ടുള്ള വീട് പവിത്രനും കുടുംബത്തിനും സമ്മാനിച്ചത്.
മലയാളത്തിന്റെ മധുരാക്ഷരങ്ങൾ ചേർത്തുനിർത്തി മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും ചേർന്നൊരുക്കിയ 33ാമത്തെ അക്ഷരവീട് നടൻ പവിത്രൻ കോഴിക്കോടിന് സമർപ്പിച്ചു. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അമ്മ പ്രസിഡന്‍റ് മോഹൻലാലാണ് 'ദ' എന്നുപേരിട്ടിട്ടുള്ള വീട് പവിത്രനും കുടുംബത്തിനും സമ്മാനിച്ചത്.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും നാടിന് അഭിമാനമായി മാറുകയും ചെയ്ത പ്രതിഭകൾക്കുള്ള ആദരവാണ് അക്ഷരവീട് എന്ന സംരംഭം. കല, കായിക, സാംസ്കാരിക രംഗത്ത് കഴിവു തെളിയിച്ച 32 പേർ ഇതിനകം അക്ഷരവീടിന്റെ ഭാഗമായി.
പാലക്കാട് പുലാപ്പറ്റയിൽ പവിത്രനും കുടുംബത്തിനുമായി നിർമ്മിച്ച അക്ഷരവീടിന്റെ സമർപ്പണം നടൻ മോഹൻ ലാൽ നിർവഹിച്ചു. മാധ്യമം അക്ഷരവീടിന്‍റെ ഭാഗമാകാൻ അമ്മക്കു സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
അക്ഷരവീട് സംരംഭത്തിന് അമ്മയും, പ്രസിഡന്റ് മോഹൻ ലാലും വലിയ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നതെന്ന് മാധ്യമം സി.ഇ.ഒ പി.എം സ്വാലിഹ് പറഞ്ഞു. ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുകയാണെന്നും വളരെയധികം സന്തോഷമുണ്ടെന്നുമായിരുന്നു അക്ഷരവീട് സ്വീകരിച്ച ശേഷം നടൻ പവിത്രൻ കോഴിക്കോടിന്റെ പ്രതികരണം
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡൻറ് മണിയൻ പിള്ള രാജു, മാധ്യമം ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, ചീഫ് റീജ്യണൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, റെസിഡൻറ് എഡിറ്റർ എം.കെ.എം ജാഫർ, പി.ആർ മാനേജർ കെ.ടി ഷൗക്കത്തലി, പവിത്രൻറെ കുടുംബാംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു