മാധ്യമം 'എജുകഫെ' വിദ്യാഭ്യാസമേളക്ക് ഗംഭീര തുടക്കം
|രണ്ട് ദിവസം നീളുന്ന എജുകഫേ ശനിയാഴ്ച സമാപിക്കും
കോഴിക്കോട് : ഉന്നത വിദ്യാഭ്യാസത്തിലേക്കും ജോലിയിലേക്കും പുതിയ വാതിലുകൾ തുറന്നിട്ട് മാധ്യമം 'എജുകഫെ' വിദ്യാഭ്യാസമേളയുടെ ഇന്ത്യൻ എഡിഷന് ഗംഭീര തുടക്കം. ടാഗോർ സെന്‍റിനറി ഹാളിലേക്ക് 1200 ഓളം വിദ്യാർഥികളും അതിലേറെ രക്ഷിതാക്കളും ഒഴുകിയെത്തിയ എജുകഫേയുടെ ഉദ്ഘാടനം കാലിക്കറ്റ് എൻ.ഐ.ടി ഡെപ്യുട്ടി ഡയറക്ടർ ഡോ. സതീദേവി പി.എസ് നിർവഹിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, എഡിറ്റർ വി.എം. ഇബ്രാഹീം, സൈലം ലേണിങ് ഡയറക്ടർ ലിജീഷ് കുമാർ, ടാൽറോപ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് സി.ഇ.ഒ മുഹമ്മദ് നിയാസ്, മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, മാധ്യമം ചീഫ് റീജിയണൽ മാനേജർ വി.സി മുഹമ്മദ് സലീം എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം നീളുന്ന എജുകഫേ ശനിയാഴ്ച സമാപിക്കും.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആദ്യദിനം വിവിധ സെഷനുകളിലായി വിദഗ്ധർ ക്ലാസെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ പ്രദർശനത്തിന്‍റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് നിർവഹിച്ചു. 'ലോ ഇൻ ലൈഫ് ആന്‍റ് പ്രഫഷൻ' എന്ന വിഷയത്തിൽ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജലും 'ലേൺ വിത്ത് ഹെൽത്തി മൈൻഡ്' എന്ന വിഷയത്തിൽ ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പിയും ക്ലാസെടുത്തു. സിജി (സെന്‍റർ ഫോർ ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ഇന്ത്യ )കരിയർ വിഭാഗം ഡയറക്ടർ എം.വി സക്കരിയ, സീനിയർ റിസോഴ്സ് പേഴ്സൺ കെ.അഷ്കർ, സൈക്കോളജിസ്റ്റും കരിയർ കൗൺസലറുമായ എം. സബിത എന്നിവർ വിവിധ കോഴ്സുകൾ പരിചയപ്പെടുത്തി. പുതിയകാലത്തിന്‍റെ മാറ്റവുമായി ശ്രദ്ധേയമായ ലേണിങ് ആപ്പായ സൈലത്തിന്‍റെ സ്ഥാപകനായ ഡോ. എസ് അനന്തു വിജയത്തിലേക്കുള്ള പടവുകളും ജീവിതാനുഭവങ്ങളും വിവരിച്ചത് സദസിന് ഏറെ പ്രചോദനമായി. എൻ.ഐ.ടിയിലെയും ഐ.ഐ.ടിയിലെയും പ്രവേശനത്തെക്കുറിച്ച് ആർ. മുഹമ്മദ് ഇഖ്ബാലും സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ ടാൽറോപ് സഹസ്ഥാപകൻ സഫീർ നജുമുദ്ദീനും വിവരിച്ചു.കോയമ്പത്തൂർ സ്വദേശിയായ ദയാനിധിയുടെ മാജിക് ഒന്നാംദിനത്തെ ചടങ്ങിന് മാന്ത്രിക നിമിഷങ്ങൾ സമ്മാനിച്ചു.
സൈലം ആണ് എജുകഫെ കേരള സീസണിന്‍റെ മുഖ്യ പ്രായോജകർ. സ്റ്റെയിപ്പ് ആണ് പരിപാടിയുടെ പ്രസന്‍റിങ് സ്പോൺസർ. ശനിയാഴ്ച 10.30ന് ഇന്‍റർനാഷനൽ മോട്ടിവേഷനൽ സ്പീക്കർ ഡോ. മാണി പോൾ ക്ലാസ് നയിക്കും. 11.45ന് വിദേശപഠനത്തെക്കുറിച്ച് അഷ്റഫ് ടി.പി സെഷൻ നയിക്കും. ഉച്ച 12ന് 'മിത്ത്സ് ഓൺ ലേണിങ്' എന്ന വിഷയത്തിൽ ആർ.ബി ട്രെയിനിങ്സ് ഡയറക്ടർ അസ്കർ ഹസൻ സംവദിക്കും. ഉച്ചക്ക് രണ്ടുമണിക്ക് ടോപ്പേഴ്സ് ടോക്കിലും ഇദ്ദേഹം സംബന്ധിക്കും. മൂന്നിന് സൈലം 'ബസ് ദ ബ്രെയിൻ' ഗ്രാൻഡ് ഫിനാലെ, 3.30ന് ഫെസൽ പി. സെയ്ദ് നയിക്കുന്ന ക്ലാസ് എന്നിവയും അരങ്ങേറും. വൈകീട്ട് നാലിന് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് 'ദ ആർട്ട് ഓഫ് സക്സസ്' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. 5.30ന് ഇന്‍റർനാഷണൽ ഹിപ്നോസിസ് മെന്‍റർ മാജിക് ലിയോയുടെ പരിപാടിയോടെ രണ്ട് ദിവസത്തെ എജുകഫേക്ക് തിരശ്ശീല വീഴും.
Madhyamam Educafe begins today