'വിവരാകാശ നിയമത്തിന്റെ ലംഘനം'; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ കടുംവെട്ടിനെതിരെ മാധ്യമം ലേഖകൻ നിയമനടപടിക്ക്
|'റിപ്പോർട്ടിന്റെ 233 പേജ് ലഭിക്കാൻ സർക്കാർ നിർദേശ പ്രകാരം 699 രൂപയാണ് ട്രഷറിയിൽ അടച്ചത്. അതുപ്രകാരം അത്രയും പേജുകൾ നൽകുകയാണ് സാംസ്‌കാരികവകുപ്പ് ചെയ്യേണ്ടത്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടിൽ പല പേജുകളും പാരഗ്രാഫുകളും കാണാനില്ല'.
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന ഭാഗങ്ങൾ അധികമായി വെട്ടിമാറ്റിയ സർക്കാർ നടപടിക്കെതിരെ മാധ്യമം ലേഖകൻ നിയമനടപടിക്ക്. റിപ്പോർട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ ആദ്യമായി സമീപിച്ച മാധ്യമപ്രവർത്തകനായ അനിരു അശോകനാണ് നിയമനടപടിക്കൊരുങ്ങുന്നത്.
റിപ്പോർട്ടിന്റെ 233 പേജ് ലഭിക്കാൻ സർക്കാർ നിർദേശ പ്രകാരം 699 രൂപയാണ് ട്രഷറിയിൽ അടച്ചത്. അതുപ്രകാരം അത്രയും പേജുകൾ നൽകുകയാണ് സാംസ്‌കാരികവകുപ്പ് ചെയ്യേണ്ടത്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടിൽ പല പേജുകളും പാരഗ്രാഫുകളും കാണാനില്ല. സ്വകാര്യവിവരങ്ങളുള്ള ഭാഗങ്ങളാണ് ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ പറഞ്ഞത്. എന്നാൽ അതല്ലാത്ത ഭാഗങ്ങളും വെട്ടിമാറ്റിയെന്നും അനിരു അശോകൻ പറഞ്ഞു.
തലേന്നു രാത്രി മോശമായി പെരുമാറിയ നടന്റെ ഭാര്യയായി പിറ്റേന്ന് ഒന്നിച്ച് അഭിനയിക്കേണ്ടിവന്നെന്നും തുടർന്നുള്ള ആലിംഗന സീൻ 17 തവണ റീടേക്ക് എടുക്കാൻ അയാൾ പറഞ്ഞെന്നുമുള്ള നടിയുടെ വെളിപ്പെടുത്തൽ 147ാമത്തെ പാരഗ്രാഫിലായിരുന്നു ഉണ്ടായത്. ഇതിനേക്കാൾ വലിയ ഞെട്ടിക്കുന്ന പല വിവരങ്ങളുമടങ്ങിയ ഭാഗങ്ങളാണ് സർക്കാർ മറച്ചുവച്ചത്. സിനിമാമേഖലയിൽപ്പെട്ടവർക്കെതിരെ ഹേമ കമ്മിറ്റി കണ്ടെത്തിയ പല വിവരങ്ങളും തനിക്ക് നിഷേധിച്ചിട്ടുണ്ട്.
ഇതിൽ വിവരാവകാശ കമ്മീഷനും സ്‌പെഷ്യൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കും പരാതി നൽകുമെന്ന് അനിരു അശോകൻ പറഞ്ഞു. അന്യായമായാണ് സർക്കാർ പണമീടാക്കിയത്. ഒഴിവാക്കുന്ന വിവരങ്ങൾ എന്തുകൊണ്ട് നൽകുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷണറുടെ നിർദേശത്തിലുണ്ടായിരുന്നു. തരാമെന്നു പറഞ്ഞ മുഴുവൻ ഭാഗവും തന്നിട്ടില്ല. 49 മുതൽ 53 വരെയുള്ള പേജുകൾ നീക്കിയതിൽ യാതൊരു വിശദീകരണവും നൽകിയിട്ടില്ല.
ഇവ പുറത്തുവിടുന്നതിൽ കുഴപ്പമില്ലെന്ന് കമ്മീഷനും ബോധ്യപ്പെട്ടതാണ്. എന്നിരിക്കെ അവ വെട്ടിമാറ്റിയതിലൂടെ വിവരാവകാശ കമ്മീഷന്റെ ഉത്തരവിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമാക്കിയ മാധ്യമം ലേഖകൻ, തരാനാവില്ലെങ്കിൽ പിന്നെയെന്തിനാണ് ആ പേജുകൾക്കുള്ള പണമീടാക്കിയതെന്നും ചോദിച്ചു.
21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങൾ മാറ്റിവച്ച ശേഷം നൽകാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ പുറത്തുവിടാൻ സർക്കാർ തയാറായത്.
ഇതിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു. എന്നാൽ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങൾക്കൂടി മാറ്റുകയായിരുന്നു. അതിപ്രശസ്തർ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് ശേഷമുള്ള ഭാഗങ്ങളാണ് നീക്കിയത്. ഇതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.