Kerala
ഐ. സമീലിന്​ യൂത്ത്​ ഇന്ത്യ അവാർഡ്
Kerala

ഐ. സമീലിന്​ യൂത്ത്​ ഇന്ത്യ അവാർഡ്

Web Desk
|
4 Sep 2021 12:21 PM GMT

യൂത്ത് ഇന്ത്യ യു.എ.ഇയുടെ 2020-21 വർഷത്തെ യൂത്ത് സിഗ്നേച്ചർ അവാർഡിന്​​ മാധ്യമം സീനിയർ സബ്​ എഡിറ്റർ ഐ. സമീൽ അർഹനായി. യൂത്ത് ഇന്ത്യ ആഗസ്റ്റ് 15 മുതൽ നവംബർ 15 വരെ സംഘടിപ്പിച്ചു വരുന്ന ഇസ്സാ ഫെസ്റ്റിവലി​ന്‍റെ ഭാഗമായി വിവിധ മേഖലകളിലെ യുവ മുസ്‌ലിം പ്രതിഭകൾക്ക്​ നൽകുന്ന അവാർഡാണ്​ സമീലിന്​ ലഭിച്ചത്​. 1921 മലബാർ സമരവുമായി ബന്ധപ്പെട്ട അന്വേഷണാത്മകമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും കാണാമറയത്ത് ഉണ്ടായിരുന്ന രക്തസാക്ഷികളെ പരിചയപ്പെടുത്തുകയും ചെയ്തതിനാണ്​ അവാർഡ്​.


ഇസ്‌ലാമിക് ആർട്സ് മേഖലയിൽ കരീം ഗ്രാഫി കക്കോവ്, സംരംഭക മേഖലയിലെ സേവനങ്ങൾക്ക് ഡോ. നിഷാദ് വി.എം., കായിക മേഖലയിൽ നസീഫ് ഫറോക്ക്​, പ്രൊഡക്ഷൻ മേഖലയിൽ നൂറുദ്ധീൻ അലി അഹമ്മദ്​ എന്നിവരും സിഗ്​നേച്ചർ അവാർഡിന്​ അർഹരായതായി ഭാരവാഹികൾ കോഴിക്കോട്ട്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തി പത്രവും അൻപതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്​കാരം.

പീപ്പിൾസ് ഫൗണ്ടേഷ​ന്‍റെ കീഴിലുള്ള പീപ്പിൾസ് സ്റ്റാർട്ട്‌ അപ്പ് പ്രൊജക്റ്റ്‌ ഡയറക്ടറും നെക്ട്റീസ് ഇന്ത്യ ഫുഡ്‌ ഇന്ത്യ കമ്പനിയുടെ ഡയറക്ടറും കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ നോഡൽ ഓഫീസറും എൻ.ഐ.ടി കോഴിക്കോട്, കേരള സ്റ്റേറ്റ് വുമൺസ് ഡെവലപ്പ്മെൻറ്​ കോർപ്പറേഷൻ, കിറ്റ്കോ, ഡിപ്പാർട്മെൻറ്​ ഓഫ് ഇൻഡസ്ട്രിസ് ആൻഡ്​​ കോമേഴ്‌സ് തുടങ്ങിയവായുടെ റിസോർസ് ട്രെയിനിങ് പേഴ്സണും സംരംഭക പരിശീലകനുമാണ്​ ഡോ. വി എം നിഷാദ്.

ലോക അയെൺ മാൻ മത്സരങ്ങളിൽ പങ്കെടുക്കുകയും മലയാളി യുവാക്കൾക്ക് അയെൺ മാൻ ട്രയത്തലോൺ പരിചയപ്പെടുത്തുകയും ചെയ്തതിനാണ് നസീഫ് ഫറോക്കിന്​ അവാർഡ്. ചലച്ചിത്ര നിർമ്മാണ രംഗത്ത് നിസ്തുലമായ സംഭാവനകൾ അർപ്പിക്കുകയും സിനിമ-നാടക-ഡോക്യൂമെൻററി പ്രൊഡക്ഷൻ മേഖലയിൽ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി വരികയും ചെയ്യുന്നതിനാണ്​ നൂറുദ്ദീൻ അലി അഹ്‌മദിന്​ പ്രൊഡക്ഷൻ മേഖലയിലെ അവാർഡ്. വാർത്താസമ്മേളനത്തിൽ യൂത്ത് ഇന്ത്യ യു.എ.ഇ വൈസ് പ്രസിഡന്‍റുമാരായ തൗഫീഖ് മമ്പാട്, താഹ അബ്​ദുള്ള ഹൈദർ, തൻസീം എന്നിവർ പ​ങ്കെടുത്തു.

Related Tags :
Similar Posts