'പബ്ലിസിറ്റിക്കായുള്ള താത്പര്യം'; അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹരജിയിൽ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം
|അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പൊതുതാൽപര്യമല്ല പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താൽപര്യമാണ്. സാഹചര്യം മനസിലാക്കാതെയുള്ള ആവശ്യമെന്നും കോടതി വിമർശിച്ചു.
അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഏറണാകുളം സ്വദേശിയായ റെബേക്ക ജോസഫാണ് ഹരജി സമർപ്പിച്ചത്. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം. തങ്ങൾ സാങ്കേതിക വിദഗ്ധരല്ല,ഫോറസ്റ്റ് ബെഞ്ച് കേൾക്കട്ടെയെന്നും കോടതി പറഞ്ഞു.
അതേസമയം, കമ്പത്ത് നിന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നു വിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്നാട് കേരള വനംവകുപ്പിനെ അറിയിച്ചു.
മണിമുത്താറിൽ നിന്ന് ഏഴുമണിക്കൂറോളം വനപാതയിൽ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലർച്ചവരെ ആനിമൽ ആംബുലൻസിൽ തന്നെ നിർത്തിയ്ത. തുടർന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത്
ആനയെ തുറന്നുവിട്ട കാര്യം തമിഴ്നാട് വനം വകുപ്പ് ഔദ്യോഗികമായി കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.. തുറന്നു വിട്ടെങ്കിലും ആന ഇപ്പോഴും മുത്തുക്കുളി വനമേഖലയിൽ തന്നെയാണ് നിൽക്കുന്നത്. വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെട്ടെന്ന് ബോധ്യമായാൽ ഉദ്യോഗസ്ഥർ കാടിറങ്ങും.