ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്റസ അധ്യാപകന് 26 വർഷം കഠിനതടവും 1,75,000 പിഴയും
|മറ്റൊരു പോക്സോ കേസിൽ 90കാരന് മൂന്നു വർഷം കഠിനതടവ് വിധിച്ചു
ഒമ്പത് വയസ്സുകാരിയെ മദ്റസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ നൗഷാദ് ലത്തീഫിന് വിവിധ വകുപ്പുകളിൽ ആയി 26 വർഷം കഠിനതടവും 1,75,000 രൂപ പിഴയും. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോർട്ട് ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ മാസം മുതൽ 2019 മാർച്ച് മാസം വരെയുള്ള കാലയളവിലാണ് മദ്റസയിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്ഐമാരായ പി. വിഷ്ണു, എം.സി റെജി കുട്ടി എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി സിവിൽ പോലീസ് ഓഫീസർ ആയ കെ എസ് കാർത്തിക് , എഎസ്ഐ സതി എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു. പിഴ അടക്കാത്ത പക്ഷം മൂന്നര വർഷം അധിക കഠിന തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും വിധിയായി.
മറ്റൊരു പോക്സോ കേസിൽ 90കാരന് മൂന്നു വർഷം കഠിനതടവ് വിധിച്ചു. പാലക്കാട് കല്ലടിക്കോട്ടെ 15കാരിയോട് ലൈംഗികാതിക്രമം നടത്തിയ 90കാരനായ കരിമ്പ ചിറയിൽ കോര കുര്യനാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. മൂന്ന് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ മൂന്ന് വർഷമായി കുറച്ചത്.
Madrasa teacher who molested nine-year-old girl sentenced to 26 years in prison and fined Rs 1,75,000