മഹാരാജാസ് വിദ്യാർഥി സംഘർഷത്തിൽ കൂട്ട നടപടി; എട്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ
|സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ കോളജിൽ പ്രവേശിക്കാൻ പാടില്ല.
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കൂട്ട സസ്‌പെൻഷൻ. എട്ട് എസ്.എഫ്.ഐ പ്രവർത്തകരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ കോളജിൽ പ്രവേശിക്കാൻ പാടില്ല.
മഹാരാജാസ് കോളജിൽ കഴിഞ്ഞ രണ്ടു മാസമായി വിദ്യാർഥി സംഘർഷം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥി സംഘർഷത്തിൽ കോളജ് അധികൃതർ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് വിമർശനമുയർന്നിരുന്നു. ആദ്യഘട്ടത്തിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് എതിരെ മാത്രമാണ് അധികൃതർ നടപടിയെടുത്തിരുന്നത്. ഇതിനെതിരെ വിമർശനമുയർന്നതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തത്.