മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ, സ്ഥാനാർത്ഥി പട്ടിക ഉടൻ
|ബിജെപിയും കോൺഗ്രസും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഉടൻ പുറത്തിറങ്ങും.ബിജെപിയും കോൺഗ്രസും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി. മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥി പട്ടികയും അന്തിമഘട്ടത്തിലാണ്.150 സീറ്റുകളിലാണ് ബിജെപി മത്സരത്തിന് ഒരുങ്ങുന്നത്.
അതേസമയം സമാജവാദി പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടേക്കും. അഖിലേഷ് യാദവ് വെള്ളിയാഴ്ച മഹാരാഷ്ട്ര സന്ദർശിക്കും. മഹാരാഷ്ട്ര കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഞായറാഴ്ച ചേരും. ഹരിയാനയിലെ തിരിച്ചടി മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരത്പവാർ പറഞ്ഞു.
ജാർഖണ്ഡിൽ ഇൻഡ്യാ സഖ്യത്തിന്റെ സീറ്റ് വിഭജനത്തിൽ ധാരണയായി. ജെഎംഎമ്മിന് 43, കോൺഗ്രസിന് 29, ആർജെഡിക്ക് 5, സിപിഐ എംഎൽ 4 സീറ്റിൽ മത്സരിക്കുമെന്ന് ധാരണയിലാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലെ ഇന്നത്തെ യോഗത്തിനുശേഷം ആയിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക. അതേസമയം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആം ആദ്മി പാർട്ടി മത്സരിക്കാതെ ഇൻഡ്യാ സഖ്യത്തോടൊപ്പം നിൽക്കാനാണ് തീരുമാനം.