മൈനാഗപ്പള്ളി അപകടം: പ്രതികൾ ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിച്ചു, മദ്യക്കുപ്പികളും രാസ ലഹരി ഉപയോഗത്തിനുള്ള ട്യൂബും കണ്ടെത്തി
|പ്രതികളായ അജ്മലിനെയും, ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ പൊലീസ് കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിലെ ഒന്നും രണ്ടും പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. കഴിഞ്ഞ 14ാം തിയതി ഹോട്ടലിൽ ഒരുമിച്ച് താമസിച്ച ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെ നിന്നും മദ്യക്കുപ്പികളും രാസ ലഹരി ഉപയോഗത്തിനുള്ള ട്യൂബും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
ഈ മാസം മൂന്നുതവണ ഇതേ ഹോട്ടലിൽ ഇവർ മുറിയെടുത്തുവെന്നും അന്വഷണത്തിൽ കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളായ അജ്മലിനെയും, ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് ഇവർ പൊലീസ് കസ്റ്റഡിയിലുണ്ടാവുക. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.