Kerala
elamaram kareem
Kerala

ഓരോ രാഷ്ട്രീയ സാഹചര്യത്തിലാണ് ഭൂരിപക്ഷം കൂടുന്നതും കുറയുന്നതുമെല്ലാം -എളമരം കരീം

Web Desk
|
21 March 2024 4:04 AM GMT

‘ഇപ്പോഴത്തെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലം’

കോഴിക്കോട്: ഓരോ രാഷ്ട്രീയ സാഹചര്യത്തിലാണ് ഭൂരിപക്ഷം കൂടുന്നതും കുറയുന്നതുമെല്ലാമെന്ന് കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം. മീഡിയ വൺ ‘ദേശീയപാത’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രവർത്തനവും ​ട്രേഡ് യൂനിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് താൻ എപ്പോഴും ജനങ്ങൾക്കിടയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണവും അതുപോലെയാണ്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് നല്ല വിജയമുണ്ടായി. അത് കഴിഞ്ഞ് 2021ൽ എൽ.ഡി.എഫ് ഏഴ് നിയമസഭ മണ്ഡലത്തിൽ ആറിലും വൻ വിജയം നേടി. ഇപ്പോഴത്തെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്. ഏതെങ്കിലും വ്യക്തിയുടെ നൈപുണ്യമോ തെരഞ്ഞെടുപ്പ് തന്ത്രമോ അല്ല, മനുഷ്യ മനസ്സിനെ സ്വാധീനിക്കുന്നത് അതാത് കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങളാണ്.

2019 മുതൽ ബി.ജെ.പി സർക്കാർ മത വർഗീയത ശക്തിപ്പെടുത്തുകയാണ്. വർഗീയ സംഘർഷങ്ങൾ, കലാപങ്ങൾ എന്നിവയെല്ലാം ശക്തിപ്പെട്ടു. അതിന്റെയെല്ലാം ഉയർന്ന രൂപത്തിലാണ് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം വരുന്നത്. വീണ്ടും ബി.ജെ.പി അധികാരത്തിൽ വരുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

ഈ പ്രശ്നത്തോട് കോൺഗ്രസിന് ശരിയായ നിലപാട് സ്വീകരിക്കാൻ സാധിക്കുന്നില്ല. 2019ൽ പാസാക്കിയ നിയമം എന്തുകൊണ്ടാണ് നടപ്പാക്കാൻ വൈകിയതെന്നാണ് കോൺഗ്രസ് നേതാവ് ജയറാം ര​മേശ് ചോദിച്ചതെന്നും എളമരം കരീം പറഞ്ഞു.

Similar Posts