Kerala
Makaravilak: Prasada Shudhikriyas at Sabarimala Shrine
Kerala

മകരവിളക്ക്: ശബരിമല ശ്രീകോവിലിൽ പ്രാസാദ ശുദ്ധിക്രിയകൾ

Web Desk
|
13 Jan 2024 1:03 PM GMT

മകരവിളക്കിനായി 2800ലധികം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സന്നിധാനത്ത് ഉണ്ടാവുക

ശബരിമലയിൽ മകര വിളക്കിന് മുന്നോടിയായി ശ്രീകോവിലിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടന്നു. അഞ്ചുമണിക്ക് ശേഷമാണ് പ്രാസാദ ശുദ്ധിക്രിയ നടന്നത്.

ശുദ്ധിക്രിയക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ ഉഷപൂജക്ക് ശേഷം ഭിംഭ ശുദ്ധി ക്രിയയും നടക്കും.

തീർത്ഥാടകരുടെ സുരക്ഷക്കായി ശബരിമലയിൽ ഒരുക്കിയ ക്രമീകരണങ്ങൾ സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് വിലയിരുത്തി. മകരജ്യോതി ദർശന കേന്ദ്രങ്ങൾ ഡി.ജി.പി സന്ദർശിച്ചു. മകരവിളക്കിനായി 2800ലധികം പൊലീസ് ഉദ്യോഗസ്ഥരുടെ സേവനമാണ് സന്നിധാനത്ത് ഉണ്ടാവുക.

പമ്പയിലേയും നിലയ്ക്കലേയും സുരക്ഷാക്രമീകരണങ്ങളും ഡി.ജി.പി വിലയിരുത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെലികോപ്റ്റർ, ഡ്രോൺ നിരീക്ഷണങ്ങൾ ഉണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞു. 1000 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ശബരിമലയിൽ തിരക്ക് കുറവാണ്. മകരവിളക്കിനായി നട തുറന്ന ആദ്യ ദിവസങ്ങളിൽ പ്രതിദിനം ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുദിവസത്തിലും 75,000 താഴെയാണ് പതിനെട്ടാം പടി കയറിയ തീർത്ഥാടകരുടെ എണ്ണം.

ശബരിമലയിലെ കുടിവെള്ള വിതരണത്തിന് നിയോഗിച്ചിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ തിരിച്ചുവിളിക്കാൻ എക്സിക്യൂട്ടീവ് ഓഫീസർ വനം വകുപ്പിന് കത്തു നൽകി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കായി വിട്ടുനൽകിയ താമസസ്ഥലം തീർത്ഥാടകർക്ക് നൽകേണ്ടതിനാലാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

Related Tags :
Similar Posts