Kerala
മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി
Kerala

മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി

Web Desk
|
7 Jan 2023 2:21 AM GMT

പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ സുരക്ഷയ്ക്കായി 1,400 പൊലീസുകാരെ വിന്യസിക്കും

ഇടുക്കി: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഇടുക്കി ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി. ഇക്കുറി തിരക്ക് വര്‍ധിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഈ മാസം 12നുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

മകരവിളക്ക് ദർശനം സാധ്യമാകുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ സുരക്ഷയ്ക്കായി 1,400 പൊലീസുകാരെ വിന്യസിക്കും. വനമേഖലകളിൽ ആർ.ആർ.ടി, എലിഫന്‍റ് സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ കുടിവെള്ളവും വെളിച്ച സംവിധാനവും ഒരുക്കും. എക്സൈസും മോട്ടോർ വാഹന വകുപ്പും പരിശോധന ശക്തമാക്കും. അഗ്നിരക്ഷ സേനയുടെയും ആരോഗ്യവകുപ്പിന്റെയും സേവനം ലഭ്യമാക്കുമെന്നും കെ.എസ്.ആർ.ടി.സിയുടെ 65 ബസുകൾ പ്രത്യേക സർവീസ് നടത്തുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

അപകടസാധ്യതയുള്ളയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങി. പ്രവേശനപാതകളിലൂടെ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് ഭക്തരെ കടത്തിവിടുക. നിർദേശങ്ങൾ നല്കുന്നതിനായി നാല് ഭാഷകളിൽ അനൗൺസ്മെന്റും നടത്തും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താന്‍ പഞ്ചായത്തുകള്‍ക്ക് കലക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Summary: Preparations have started in Idukki district ahead of Makaravilakku Mahotsavam

Similar Posts