Kerala
മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: കോടതി പൊലീസിന്റെ നിലപാട് തേടി
Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: കോടതി പൊലീസിന്റെ നിലപാട് തേടി

Web Desk
|
16 March 2022 12:53 AM GMT

ടാറ്റൂ സ്ഥാപന ഉടമക്കെതിരായ ലൈംഗിക പീഡന പരാതി മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെയാണ് യുവതി തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയതെന്ന് അനീസ്

ടാറ്റൂ സ്ഥാപന ഉടമക്കെതിരായ ലൈംഗിക പീഡന പരാതി ശ്രദ്ധ നേടിയതോടെയാണ് യുവതി തനിക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് മേക്കപ്പ് ആർടിസ്റ്റ് അനീസ് അൻസാരി. അനീസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി.

സ്ത്രീത്വത്തെ അപമാനിച്ചെന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കൊച്ചിയിലെ മേക്കപ്പ് ആർടിസ്റ്റായ അനീസ് അൻസാരി ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യ ഹരജിയിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ ജസ്റ്റിസ് പി ഗോപിനാഥ് ഹരജി ഈ മാസം 22ന് വീണ്ടും പരിഗണിക്കാനായി മാറ്റി. തന്നെ പ്രഫഷനിൽ നിന്ന് പുറത്താക്കാനും ഇടപാടുകാരെ സ്വാധീനിക്കാനുമുള്ള ശ്രമമാണ് പരാതികൾക്ക് പിന്നിലെന്ന് അനീസിന്റെ ഹരജിയിൽ പറയുന്നു.

ടാറ്റൂ സ്ഥാപന ഉടമക്കെതിരായ ലൈംഗിക പീഡന പരാതി മുഖ്യധാര മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയതോടെയാണ് യുവതി തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ സ്ത്രീകൾ പരാതിയുന്നയിച്ചു. പരാതിക്കാരിയായ യുവതിയുടെ പ്രേരണയിലുള്ള അജ്ഞാത സന്ദേശങ്ങളാണിവയെന്നും ജാമ്യ ഹരജിയിൽ പറയുന്നു.

അതേസമയം പീഡന കേസിലെ പ്രതി ടാറ്റു ആർട്ടിസ്റ്റ് പി എസ് സുജേഷിന്റെ ചോദ്യംചെയ്യൽ ഇന്നും തുടരും. രണ്ട് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏഴു കേസിലാണ് സുജീഷിനെ കസ്റ്റഡിയിൽ വിട്ടത്.

Related Tags :
Similar Posts