ഗ്യാന്‍വാപി പള്ളിയെ തര്‍ക്ക മന്ദിരമാക്കുന്ന ജില്ലാ കോടതി വിധി നിയമ വിരുദ്ധം: ഇ.ടി മുഹമ്മദ് ബഷീര്‍
|''ബാബരി, ഗ്യാന്‍വാപി, കാശി, മധുര തുടങ്ങിയ ഒട്ടേറെ പള്ളികള്‍ക്ക് നേരെ അവകാശവാദം ഉയര്‍ത്തുന്ന പ്രതിലോമകര വാദികള്‍ക്ക് ഊര്‍ജ്ജം പകരുന്ന വിധിയാണിത്''
കോഴിക്കോട്: ഗ്യാന്‍വാപി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഏതാനും ഹൈന്ദവ സ്ത്രീകള്‍ നല്കിയ ഹരജി നിലനില്‍ക്കുമെന്ന യുപിയിലെ ജില്ലാ കോടതിയുടെ വിധി അത്യധികം ഖേദകരമാണെന്നും, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളിക്കളഞ്ഞ വാരാണസി കോടതിയുടെ തീരുമാനം നീതി രഹിതമാണെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
കോടതിവിധിക്കെതിരെ നിയമപരമായി മുന്നോട്ടു പോകും. മുസ്ലിംലീഗ് മുന്‍കയ്യെടുത്ത് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണയോടെ സാധ്യമാക്കിയ ആരാധനാലയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 1991 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നടത്തിയ നിയമനിര്‍മ്മാണം ആരാധനാലയങ്ങള്‍ സംബന്ധിച്ച് ഇന്ത്യയില്‍ ഉടലെടുത്തേക്കാവുന്ന എല്ലാ തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ഉതകുന്നതായിരുന്നു. 1947 ഓഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റ് ആയി നിശ്ചയിക്കുക വഴി രാജ്യത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കുമാണ് നിയമം സംരക്ഷണ വലയം തീര്‍ത്തത്. ഇതിനെ ഫലത്തില്‍ തകര്‍ക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വവാദികള്‍ ഈ വിധിയെ ആഘോഷിക്കുന്നുണ്ട്. ബാബരി, ഗ്യാന്‍വാപി, കാശി, മധുര തുടങ്ങിയ ഒട്ടേറെ പള്ളികള്‍ക്ക് നേരെ അവകാശവാദം ഉയര്‍ത്തുന്ന പ്രതിലോമകര വാദികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണിത്. സ്വാഭാവികമായും ഇത്തരം ഒരു പാശ്ചാത്തലം ഉയര്‍ന്നുവരുന്നത് രാജ്യത്തിന്റെ നന്മക്കും സഹിഷ്ണുതയില്‍ അധിഷ്ഠിതമായ നിലനില്‍പ്പിനും ഭംഗം വരുത്തുമെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നത് ഗൗരവമുള്ള കാര്യമാണ്.
2019 നവംബര്‍ 9 ന് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ വിധിയില്‍ പോലും മേലില്‍ 1947 ഓഗസ്റ്റ് 15 ന് മുമ്പുള്ള ഒരു ആരാധനാലയവും തര്‍ക്ക മേഖലയാക്കരുതെന്ന ചീഫ് ജസ്റ്റിസിന്റെ വിധി ന്യായം നിയമത്തെ അടിവരയിടുന്നതായിരുന്നു. 1991 ജൂലൈ 11 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം അതേവര്‍ഷം ഒക്ടോബറില്‍ വി.എച്ച്.പി ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതിയില്‍ അപ്പീല്‍ പോയത്.
പള്ളികളെയും അമ്പലങ്ങളെയും ചര്‍ച്ചുകളെയും ഗുരുദ്വാരകളെയും തര്‍ക്കത്തിന്റെയും സംഘര്‍ഷത്തിന്റെയും മേഖലകളാക്കി രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സമീപനം വരുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ബാബരി പള്ളിക്ക് പിന്നാലെ മറ്റു പല പള്ളികളും സംഘര്‍ഷ മേഖലയാക്കി രാഷ്ട്രീയ ദുഷ്ടലാക്ക് ലക്ഷ്യമാക്കുന്നതിനെതിരെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും ഇ.ടി ആവശ്യപ്പെട്ടു.