കക്ക വാരുന്നതിനിടെ തോണി മറിഞ്ഞ് അപകടം; മരണം നാലായി
|കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
മലപ്പുറം: തിരൂർ പുറത്തൂരിൽ കക്ക വാരുന്നതിനിടെ തോണി മറിഞ്ഞ് മരണം നാലായി. കാണാതായ രണ്ടുപേരുടെ മൃതദേഹവും കണ്ടെത്തി. കുഞ്ചിക്കടവ് സ്വദേശികളായ ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം, കുഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു. പുറത്തൂർ പുതുപ്പള്ളി നമ്പ്രംകടവിലാണ് അപകടമുണ്ടായത്. ഭാരതപ്പുഴയിൽ കക്ക വാരുന്നതിനിടെ ആറ് പേർ സഞ്ചരിച്ച തോണി രാത്രി ഏഴ് മണിയോടെ മറിയുകയായിരുന്നു. വൈകിട്ട് മൂന്നരയോടെ കക്ക വാരാൻ ഇറങ്ങി കക്കയുമായി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
കുറ്റിക്കാട് സ്വദേശി വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ, ഈന്തുക്കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ എന്നിവർ ഇന്നലെ മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ബീപാത്തു, മകൾ റസിയ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായവർക്ക് വേണ്ടി ഫയർഫോഴ്സ് ,റവന്യു, പൊലീസ് സംഘത്തോടൊപ്പം നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.