മലപ്പുറം വർഗീയരാഷ്ട്രീയത്തിലേക്ക് ഒഴുകാതിരുന്നത് ഇടതുപക്ഷം കാരണം- പി. ശ്രീരാമകൃഷ്ണൻ
|മുസ്ലിം സമുദായത്തോടും മലപ്പുറത്തോടുമുള്ള മുൻവിധിയാണ് പി ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് വിമർശനമുയരുന്നുണ്ട്
മലപ്പുറം വർഗീയരാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാൻ കാരണം ഇടതുപക്ഷമാണെന്ന് മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടയായ ശ്രീരാമകൃഷ്ണന്റെ പരാമർശം.
ഇടതുപക്ഷത്തിൻറെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മൂലമാണ് മുസ്ലിം ലീഗിന്റെ വർഗീയരാഷ്ട്രീയത്തിലേക്ക് മലപ്പുറം ഒഴുകിപ്പോകാതിരുന്നത്. ലീഗ് ദുർബലമാകുമ്പോൾ ഉപയോഗിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് വർഗീയത. വർഗീയത ആളിക്കത്തിച്ച് നാടിനെ ദുർബലമാകാൻ ലീഗ് ശ്രമിക്കുകയാണ്. വഖഫ് വിഷയം പോലും ലീഗ് വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നു- പി. ശ്രീരാമകൃഷ്ണൻ ആരോപിച്ചു. 'മലപ്പുറത്തിന്റെ ഇടതുപക്ഷ പൈതൃകം' എന്ന വിഷയത്തിൽ തിരൂർ ടൗൺ ഹാൾ പരിസരത്തെ കെ. ദാമോദരൻ നഗറിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേസമയം, ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനവുമുയരുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് ശ്രീരാമകൃഷ്ണൻ മലപ്പുറത്തെക്കുറിച്ച് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നും ജില്ലയെയും അവിടത്തുകാരെയും അപരവൽക്കരിക്കുന്നതാണ് പരാമർശമെന്നുമാണ് പ്രധാന വിമർശം. മുസ്ലിം സമുദായത്തോടുള്ള മുൻവിധിയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.
Summary: Malappuram did not flow into communal politics because of the Left parties- Says CPM leader and former speaker of the Kerala Legislative Assembly P. Sreeramakrishnan