മലപ്പുറം ഐ.എച്ച്.ആര്‍.ഡി കോളജ് അടച്ചുപൂട്ടുന്നു
|കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്ന ഒരൊറ്റ കാരണത്തലാണ് മലപ്പുറം നഗരത്തിലുള്ള കോളജ് അടച്ചുപൂട്ടാൻ പോകുന്നത്.
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി വിദ്യാര്‍ഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറത്ത് ഒരു സർക്കാർ കോളജ് അടച്ച് പൂട്ടാനൊരുങ്ങുന്നു. മലപ്പുറം ഐ.എച്ച്.ആർ.ഡി കോളജാണ് അടച്ച് പൂട്ടാൻ പോകുന്നത്. പുതിയ അധ്യായന വർഷം അഡ്മിഷൻ എടുക്കേണ്ടതില്ലെന്നാണ് കോളജ് അധികൃതർക്ക് ലഭിച്ച നിർദേശം. സ്വന്തമായി കെട്ടിടമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ഒന്നാണ് മലപ്പുറം ഐ.എച്ച്.ആര്‍.ഡി കോളജ്. മലപ്പുറം ഗവൺമെന്റ് കോളജിന്റെ കെട്ടിടത്തിന്റെ ഉപയോഗിക്കാത്ത ഭാഗമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന് നൽകിയത്. 30 വർഷമായി ഈ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്.
നേരത്തെ 700 കുട്ടികൾ വരെ ഇവിടെ അപേക്ഷിച്ചിരുന്നു. ബി.എസ്.സി ഇലക്ട്രോണിക്സ് നേരത്തെ നിർത്തി. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മാത്രമാണ് നിലവിലുളള കോഴ്സ്. ഇവിടെ അപേക്ഷിച്ച കുട്ടികളോട് മറ്റ് ഐ.എച്ച്.ആർ.ഡി കോളജുകളിൽ പ്രവേശനം നേടാനാണ് നിർദേശം നൽകുന്നത്. നിലവിൽ പഠിക്കുന്ന വിദ്യാഥികൾ കോഴ്സ് പൂർത്തിയാക്കുന്നതോടെ കോളജ് അടച്ചുപൂട്ടാനാണ് നീക്കം. കെട്ടിടം നിർമിക്കാൻ ഐ.എച്ച്.ആർ.ഡി 2016ൽ ഫണ്ട് വകയിരുത്തിയിരുന്നു. കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്ന ഒരൊറ്റ കാരണത്തലാണ് മലപ്പുറം നഗരത്തിലുള്ള ഈ കോളജ് അടച്ചുപൂട്ടാൻ പോകുന്നത്.