'നിങ്ങക്ക് ബജറ്റ്, ഞമ്മക്ക് ബക്കറ്റ്... പിരിവാണിവിടെ മെയിൻ'; 'മലപ്പുറം മോഡൽ' പ്രതിഷേധം വൈറൽ
|ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ച 'പ്രാണവായു' പദ്ധതിയാണ് വ്യാപക വിമർശത്തിന് ഇടയാക്കിയത്.
മലപ്പുറം: സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ജില്ലാ ഭരണകൂടം നടത്തുന്ന പിരിവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. തീരുമാനത്തിനെതിരെ ജില്ലയിലെ മിക്ക യുവജന സംഘടനകളും രംഗത്തെത്തി. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട ചില പോസ്റ്ററുകള് വൈറലായി മാറി.
'കലക്ടർ സാറേ, മലപ്പുറവും കേരളത്തിലാണ്. നിങ്ങക്ക് ബജറ്റ്, ഞമ്മക്ക് ബക്കറ്റ്... പിരിവാണിവിടെ മെയിൻ' എന്നിങ്ങനെ പോകുന്നു ഒരു പ്രതിഷേധം. ഈ പോസ്റ്റർ നിരവധി പേരാണ് സ്വന്തം അക്കൗണ്ടുകളിൽ പങ്കുവച്ചത്. പിരിവെടുത്താണ് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് എങ്കിൽ പിന്നെ എന്തിനാണ് സർക്കാർ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ച 'പ്രാണവായു' പദ്ധതിയാണ് വ്യാപക വിമർശത്തിന് ഇടയാക്കിയത്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ജനകീയ പിന്തുണയോടെ പ്രാണവായു പദ്ധതി നടപ്പാക്കുന്നതെന്ന് കലക്ടർ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപ വില വരുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ആശുപത്രികളിൽ ലഭ്യമാക്കുന്നത്. ഇതിനാണ് കലക്ടർ പൊതുജനങ്ങളിൽ നിന്ന് സഹായം തേടിയിരുന്നത്.
മലപ്പുറത്ത് മാത്രമാണ് ഇത്തരം പിരിവുകളെന്നും മറ്റു ജില്ലകളിൽ സർക്കാർ പണം ഉപയോഗിച്ചാണ് സൗകര്യങ്ങൾ വികസിപ്പിക്കുന്നത് എന്നും നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ്, പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം തുടങ്ങിയ വൻകിട പദ്ധതികൾക്കെല്ലാം ഇത്തരത്തിൽ പരിവ് നടന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ സംവിധാനങ്ങൾക്കായി ജനകീയ പിരിവുകൾ അരങ്ങേറുന്ന വേളയിൽ തന്നെ, ആരോഗ്യമേഖലയിൽ കടുത്ത അവഗണന നേരിടുന്ന ജില്ല കൂടിയാണ് മലപ്പുറം. നിലവിൽ ജില്ലയിൽ ഒരു ജനറൽ ആശുപത്രി പോലുമില്ല. സംസ്ഥാനത്ത് ഉടനീളം 18 ജനറൽ ആശുപത്രികൾ നിലവിലുള്ള സാഹചര്യത്തിലാണിത്. ജനസംഖ്യയിൽ മലപ്പുറത്തേക്കാൾ കുറവുള്ള ജില്ലകളിലാണ് ഒന്നിൽ കൂടുതൽ ജനറൽ ആശുപത്രികളുള്ളത്.
മഞ്ചേരിയിലെ ജനറൽ ആശുപത്രി വേണ്ടത്ര പഠനം നടത്താതെ അശാസ്ത്രീയമായി മെഡിക്കൽ കോളജാക്കി ഉയർത്തിയത് ചികിത്സാ സൗകര്യം പരിമിതമാക്കി എന്ന വിമർശനവുമുണ്ട്. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്ത് അടിയന്തര പ്രാധാന്യം നൽകി ജില്ലയിലെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ സർക്കാർ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.