ആദ്യ ദിനം അപേക്ഷ സമർപ്പിക്കാനായത് 2437 വിദ്യാർഥികൾക്ക് മാത്രം; ഏകജാലക സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ മലപ്പുറത്തെ വിദ്യാർഥികൾ
|മലപ്പുറം ജില്ലയിലെ 2437 വിദ്യാർഥികൾക്ക് മാത്രമാണ് ആദ്യ ദിനം അപേക്ഷ സമർപ്പിക്കാനായത് . തിരുവനന്തപുരം ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർഥികൾ ആദ്യ ദിവസം തന്നെ അപേക്ഷ സമർപ്പിച്ചപ്പോഴാണ് ഈ വ്യത്യാസം.
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറത്തെ വിദ്യാർഥികൾ. കഴിഞ്ഞ മൂന്നു ദിവസവും ഏകജാലക സൈറ്റിൽ മലപ്പുറം ജില്ലയിൽ സാങ്കേതിക തകരാർ നേരിട്ടിരുന്നു
മലപ്പുറം ജില്ലയിലെ 2437 വിദ്യാർഥികൾക്ക് മാത്രമാണ് ആദ്യ ദിനം അപേക്ഷ സമർപ്പിക്കാനായത് . തിരുവനന്തപുരം ജില്ലയിൽ പതിനായിരത്തിലധികം വിദ്യാർഥികൾ ആദ്യ ദിവസം തന്നെ അപേക്ഷ സമർപ്പിച്ചപ്പോഴാണ് ഈ വ്യത്യാസം. സാങ്കേതിക തകരാർ ആണ് കാരണമായി അധികൃതർ വിശദീകരിച്ചത്, രണ്ടാം ദിനവും, മൂന്നാം ദിനമായ ഇന്നലെയും അപേക്ഷ സമർപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രയാസം നേരിട്ടു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ രണ്ടാം ദിവസത്തോടെ ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചപ്പോൾ മലപ്പുറത്ത് പതിനായിരത്തിൽ താഴെ മാത്രമാണ് പൂർത്തിയായത്.
സാങ്കേതിക തകരാർ മണിക്കൂറുകളോളം തുടരുന്നതാണ് അപേക്ഷകരുടെ എണ്ണം കുറയാൻ കാരണം. മലപ്പുറം ജില്ലയിൽ നിന്ന് തന്നെ മറ്റ് ജില്ലകളിൽ അപേക്ഷ നൽകുമ്പോൾ സാങ്കേതിക തടസ്സമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്നലെ രാത്രി വൈകിയും മൂന്നാം ദിനമുൾപ്പെടെ അപേക്ഷിച്ചവരുടെ ജില്ലതിരിച്ചുള്ള ആകെ കണക്ക് ഏകജാലക സൈറ്റിൽ ലഭ്യമായിട്ടില്ല. രണ്ടാം ദിനം വൈകുന്നേരം 4:30 വരെയുള്ള കണക്കാണ് സൈറ്റിൽ ലഭിക്കുന്നത്. പതിനെട്ടാം തീയതി അപേക്ഷ സമർപ്പിക്കാനുള്ള അവസരം അവസാനിക്കാനിരിക്കേ സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.