മലപ്പുറം ജില്ല വിഭജിക്കണം, ജനസംഖ്യാനുപാതിക വികസനം ഉറപ്പാക്കണം: എസ്.വൈ.എസ്
|'പല പദ്ധതികളും ജില്ല നോക്കി വീതംവയ്ക്കുന്നതിനാൽ മലപ്പുറത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ല. അവയെല്ലാം പരിഹരിക്കാൻ ജില്ലയുടെ വിഭജനം അനിവാര്യമാണ്.'
മലപ്പുറം: ജനസംഖ്യാനുപാതിക വികസന പദ്ധതികൾ മലപ്പുറത്തിനു ലഭ്യമാക്കുന്നതിന് ജില്ലയുടെ വിഭജനം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എസ്.വൈ.എസ്. 'യുവജനങ്ങളുടെ നാട്ടുവർത്തമാനം' എന്ന ശീർഷകത്തിൽ നടന്നുവരുന്ന എസ്.വൈ.എസ് സംസ്ഥാന നേതാക്കളുടെ ഗ്രാമസഞ്ചാരം മലപ്പുറം വെസ്റ്റ് ജില്ലയിൽ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി ആവശ്യമുയർത്തിയത്.
1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. നിലവിൽ 45 ലക്ഷത്തിലധികമാണ് ജില്ലയിലെ ജനസംഖ്യ. കേരളത്തിന്റെ മൊത്തം ജനസംഖ്യയിൽ പന്ത്രണ്ട് ശതമാനം ജനങ്ങൾ അധിവസിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് മലപ്പുറത്തെ ജനസംഖ്യ. ഉയർന്ന ജനസംഖ്യാ നിരക്കും ഭൂമിശാസ്ത്രപരമായ പ്രത്യേക സാഹചര്യവും കാരണം പല മേഖലയിലും ജില്ല പിന്നാക്കാവസ്ഥയിലാണ്. ഹയർ സെക്കണ്ടറിയിലും ഉന്നത വിദ്യാഭ്യാസരംഗത്തും മതിയായ അവസരങ്ങളില്ല. ആതുര ശുശ്രൂഷ മേഖലയിലും ജില്ല പിന്നിലാണെന്നും സയ്യിദ് ത്വാഹാ സഖാവി ചൂണ്ടിക്കാട്ടി.
പല പദ്ധതികളും ജില്ല നോക്കി വീതംവയ്ക്കുന്നതിനാൽ മലപ്പുറത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ല. അവയെല്ലാം പരിഹരിക്കാൻ ജില്ലയുടെ വിഭജനം അനിവാര്യമാണ്. ഭരണനിർവഹണത്തെയും സർക്കാറുകൾ നടപ്പാക്കുന്ന വിവിധ ക്ഷേമ, വികസന പദ്ധതികൾ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിനെയും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിൽ എടപ്പാൾ, വളാഞ്ചേരി, പുത്തനത്താണി, കോട്ടക്കൽ, തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി, തിരൂർ, താനൂർ, തേഞ്ഞിപ്പലം, വേങ്ങര എന്നീ കേന്ദ്രങ്ങളിൽ ഗ്രാമസഞ്ചാരത്തിന് സ്വീകരണം നൽകി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, റഹ്മത്തുല്ലാഹ് സഖാഫി എളമരം, ആർ.പി ഹുസൈൻ ഇരിക്കൂർ, എം.എം ഇബ്റാഹീം, എം. മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എൻ. എം. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, വി.പി.എം ബശീർ പറവന്നൂർ, ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി, കെ. അബ്ദുൽ കലാം മാവൂർ, കെ. അബ്ദുറശീദ് നരിക്കോട്, അബ്ദുൽജലീൽ സഖാഫി കടലുണ്ടി, അബ്ദുറശീദ് സഖാഫി കുറ്റ്യാടി, അബ്ദുറശീദ് സഖാഫി മെരുവമ്പായി, സി.കെ റാശിദ് ബുഖാരി, സി.കെ ശക്കീർ അരിമ്പ്ര, ഡോ. നൂറുദ്ദീൻ റാസി, സിറാജുദ്ദീൻ സഖാഫി തൃശൂർ എന്നിവർ സമീപനരേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുജനാഭിപ്രായം ആരായുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമസഞ്ചാരം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ പാലക്കാട് ജില്ലയിൽ ഗ്രാമസഞ്ചാരം പര്യടനം നടത്തും.
Summary: Malappuram should also be bifurcated in order to ensure proportional development of the population: SYS