'മദ്യപിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടരുത്'; മലപ്പുറം എസ്പിയുടെ ഉത്തരവിൽ വിവാദം, പിൻവലിച്ചു
|വാഹനപരിശോധനയും പട്രോളിംഗും നടത്തുന്ന സമയം അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്നായിരുന്നു ഉത്തരവ്
മലപ്പുറം: ബാറുകളിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് മലപ്പുറം എസ്പി. ഉത്തരവ് വിവാദമായതോടെയാണ് നടപടി. ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്നും പരാതികൾ ലഭിച്ചതിനാലാണ് ഉത്തരവ് ഇറക്കിയതെന്നുമാണ് എസ്പിയുടെ വിശദീകരണം.
ബാറുകളിൽ നിന്നുള്ള മദ്യപരെ പിടികൂടരുതെന്ന് ഇന്ന് രാവിലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഒമാർക്ക് നിർദേശം നൽകിയത്. വാഹനപരിശോധനയും പട്രോളിംഗും നടത്തുന്ന സമയം അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്നായിരുന്നു ഉത്തരവ്. ഉത്തരവിനെതിരെ സേനയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ജില്ലാ പൊലീസ് മേധാവി തന്നെ ഇതിന് തടസ്സം നിൽക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധവും ഉടലെടുത്തു. തുടർന്നാണ് വൈകുന്നേരത്തോടെ എസ്പി ഉത്തരവ് പിൻവലിച്ചത്.